അയോധ്യ ശ്രീരാമക്ഷേത്രം

'അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമില്ല'; രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി

ന്യൂഡൽഹി:അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയാണ് കോടതി തള്ളിയത്. വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

ക്ഷേത്ര നിർമ്മാണത്തിന്റെ മറവിൽ വലിയ തോതിൽ സാമ്പത്തിക തട്ടിപ്പും കൊള്ളയും നടന്നതായി ആരോപണം ഉയർന്നതോടെയാണ് വിഷയം കോടതിയിലെത്തിയത്. ആരോപണവിധേയനായ ചമ്പത് റായിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ, ഫണ്ട് വിനിയോഗത്തിൽ പൂർണ്ണമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ചമ്പത് റായിക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ക്ഷേത്രത്തിന് ലഭിച്ച സംഭാവനകൾ, സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ കൈമാറാൻ ജില്ലാ ഭരണകൂടം പലതവണ ട്രസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ട്രസ്റ്റ് തയ്യാറായില്ലെന്നാണ് പ്രധാന ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിലാണ്, ക്ഷേത്രത്തിലെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്താൻ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ടത്. എന്നാൽ, ട്രസ്റ്റ് അധികൃതരുടെ നിസ്സഹകരണം വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. കൂടാതെ, രാജ്യവ്യാപകമായി ഭക്തരിൽ നിന്ന് ശേഖരിച്ച പണം സംബന്ധിച്ചുള്ള വിവാദങ്ങൾ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കോടതിയുടെ നിലപാടു കൂടി വന്നതോടെ വിഷയം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    
News Summary - No urgent need for a hearing": Supreme Court refuses to consider plea seeking CBI probe into Ram Mandir donation fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.