ന്യൂഡൽഹി: രാത്രി 9 മുതൽ 10 മണി വരെയുള്ള സമയമാണ് ഇന്ത്യയിൽ ഏറ്റവും അപകടകരമായ യാത്രാ സമയമെന്ന് റിപ്പോർട്ട്. സുനോ ജനറൽ ഇൻഷുറൻസ് പുറത്തിറക്കിയ 'ഇന്ത്യ റോഡ് സേഫ്റ്റി റിപ്പോർട്ട് 2026ലാണ്' അപകട സമയത്തെ കുറിച്ച് വ്യകത്മാക്കുന്നത്. ഡ്രൈവർമാരുടെ പെരുമാറ്റം, ക്ഷീണം, രാത്രികാല റോഡ് സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടുന്നതാണ് റിപ്പോർട്ട്. 17 സംസ്ഥാനങ്ങളിലെ 27,000-ത്തിലധികം ഉപയോക്താക്കളിൽ നിന്നും, 4.5 ദശലക്ഷത്തിലധികം യാത്രകളിൽ നിന്നും ശേഖരിച്ച ടെലിമാറ്റിക്സ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പകൽ സമയത്ത് ഡ്രൈവിങ് നിലവാരം ഒരേപോലെയാണെങ്കിലും, രാത്രി 8 മണിക്ക് ശേഷം ഇത് ഗണ്യമായി കുറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. രാത്രി 9 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഡ്രൈവിങ് സ്കോർ 86 ആയി കുറയുന്നു, ഇതാണ് ദിവസത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ. അതേസമയം, ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെയുള്ള സമയത്താണ് ഡ്രൈവിങ് ഏറ്റവും സുരക്ഷിതം (സ്കോർ 93). രാത്രിയിലെ ഈ മാറ്റത്തിന് പിന്നിൽ കാഴ്ചക്കുറവ്, ജോലിക്ക് ശേഷമുള്ള ശാരീരിക ക്ഷീണം, രാത്രിയിലെ ഒഴിഞ്ഞ നിരത്തുകളിലെ അമിതവേഗം, ശ്രദ്ധക്കുറവ് തുടങ്ങിയ നിരവധി ഘടകങ്ങളുണ്ട്.
ഇന്ത്യയിലെ 80 ശതമാനത്തിലധികം റോഡ് അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ പെരുമാറ്റത്തിലെ പോരായ്മകളാണെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അമിതവേഗം, ശ്രദ്ധക്കുറവ്, അപകടകരമായ രീതിയിലുള്ള വാഹന ഓടിക്കൽ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. പെട്ടെന്നുള്ള ബ്രേക്കിങും അമിതമായ ആക്സിലറേഷനും ഇന്ത്യൻ ഡ്രൈവർമാർക്കിടയിൽ കൂടുതലായി കണ്ടുവരുന്ന അപകടകരമായ പ്രവണതകളാണ്. ഇതിൽ പെട്ടെന്നുള്ള ബ്രേക്കിങാണ് ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഘടകം.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 1.73 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്; ഇത് ആഗോളതലത്തിലെ റോഡപകട മരണങ്ങളുടെ ഏകദേശം 11 ശതമാനത്തോളം വരും. കൂടാതെ, രാജ്യത്തിന്റെ ജി.ഡി.പിയുടെ 3 മുതൽ 5 ശതമാനം വരെ നഷ്ടം റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്നുണ്ട്. 18 മുതൽ 45 വയസുവരെയുള്ളവരാണ് അപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും. മരിക്കുന്നവരിൽ 44 ശതമാനം ഇരുചക്രവാഹന യാത്രക്കാരും 19 ശതമാനം കാൽനടയാത്രക്കാരുമാണ്.
2030-ഓടെ റോഡ് അപകടമരണങ്ങൾ 50 ശതമാനമായി കുറക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്, സാങ്കേതികവിദ്യയും പെരുമാറ്റ വിശകലനവും നിർണായകമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, ഡ്രൈവിങ് ശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് റോഡുകളെ സുരക്ഷിതമാക്കാൻ അത്യന്താപേക്ഷിതമാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.