ലഖ്നോ: മേഘാലയയിൽ ഹണിമൂൺ യാത്രക്കിടെ നവവരൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ വധുവിന്റെ കാമുകനും. ഇൻഡോർ സ്വദേശി രാജ രഘുവംശിയാണ് (29) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോനത്തെയും മറ്റു നാലുപേരെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സോനവും കാമുകനും ചേർന്ന് വാടകക്കൊലയാളികളെ ഉപയോഗിച്ച് രാജയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനെ വധിക്കാനുള്ള ഗൂഢാലോചനകളിൽ ഉൾപ്പെടെ സോനം പങ്കാളിയായിരുന്നുവെന്നതിന്റെ സൂചനകളുണ്ടെന്നും മേഘാലയ പൊലീസ് പറഞ്ഞു. സോനത്തിന്റെ പിതാവിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ് കാമുകനായ രാജ കുശ്‍വാഹ. ഫാക്ടറിയിൽ സന്ദർശനത്തിനെത്തുന്ന വേളയിലാണ് തന്നേക്കാൾ അഞ്ചു വയസ്സിന് ഇളയവനായ കുശ്‍വാഹയുമായി സോനം പ്രണയത്തിലായതെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായവരിൽ രാജ് കുശ്വാഹയെന്ന 21കാരനുമായി സോനം അടുപ്പത്തിലാണെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. കുശ്‍വാഹയെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തതോടെയാണ് സോനത്തിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചത്. മറ്റു മൂന്നു പ്രതികളെ കുറ്റകൃത്യത്തിനായി ഒരുക്കിയത് കുശ്‍വാഹയാണെന്ന് ഈസ്റ്റ് ഖാസി ഹിൽസ് പൊലീസ് സൂപ്രണ്ട് വിവേക് സീം പറഞ്ഞു. സോനത്തിനും കുശ്വാഹക്കുമിടയിലെ അടുപ്പമാണോ കൊലയിലേക്ക് നയിച്ചതെന്ന ചോദ്യത്തിന്, ‘ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ലെന്നും കാര്യങ്ങൾ പൂരിപ്പിച്ചെടുക്കുമ്പോൾ സോനവും രാജ് കുശ്‍വാഹയും കേന്ദ്ര സ്ഥാനത്തെത്തുന്നതാണ് കാണുന്നത്’ എന്നുമായിരുന്നു പൊലീസ് സൂപ്രണ്ടിന്റെ മറുപടി.
ഭർത്താവിന്റെ കൊലയ്ക്ക് ശേഷം യു.പി.യിലെ ഗാസിപൂരിൽ ഒളിവിൽ കഴിയുകയായിരുന്നു സോനം. വാരണാസി-നാന്ദ്ഗഞ്ച് ഹൈവേയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം സോനം ഹോട്ടൽ ഉടമ സാഹിൽ യാദവിന്റെ ഫോൺ വാങ്ങി സ്വന്തം സഹോദരനെ വിളിക്കുകയായിരുന്നു. സഹോദരൻ ഗോവിന്ദ് ഈ വിവരം ഉടൻ പൊലീസിന് കൈമാറി. തുടർന്നാണ് യു.പി പൊലീസുമായി ബന്ധപ്പെട്ട് പുലർച്ചെ മൂന്നുമണിയോടെ സോനത്തെ അറസ്റ്റ് ചെയ്തത്.
മേയ് 11നായിരുന്നു രാജയുടെയും സോനത്തിന്റെയും വിവാഹം. ഹണിമൂൺ യാത്രയുടെ ഭാഗമായി മേഘാലയയിൽ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങൾക്ക് ശേഷം ജൂൺ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കിൽ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മേഘാലയ പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.