‘ബ്രാഹ്മണരുടെ ഉപജീവനമാർഗം തട്ടിയെടുക്കുന്നു’; കൃഷ്ണ ക്ഷേത്രത്തിനായി ട്രസ്റ്റ് സ്ഥാപിക്കാനൊരുങ്ങുന്ന യോഗി സർക്കാറിനെതിരെ മഥുര പുരോഹിതന്മാർ

ലക്നോ: യു.പിയിലെ ബങ്കെ ബിഹാരി മന്ദിറിന്റെ നടത്തിപ്പിനായി ട്രസ്റ്റ് സ്ഥാപിക്കാനുള്ള യോഗി ആദിത്യനാഥ് സർക്കാറിന്റെ തീരുമാനത്തെ എതിർത്ത് മഥുരയിലെ പുരോഹിതന്മാർ. നീക്കത്തെ ബ്രാഹ്മണ വിരുദ്ധം എന്ന് അവർ വിശേഷിപ്പിച്ചു. 

ക്ഷേത്രത്തിൽ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെടുന്നതിനായി തങ്ങളുടെ പൂർവികർ തപസ്സനുഷ്ഠിച്ചിരുന്നുവെന്നും എന്നാൽ, യോഗി സർക്കാർ അവരുടെ മതവിശ്വാസം ഉപയോഗിച്ച് കളിക്കാൻ ശ്രമിക്കുകയാണെന്നും ക്ഷേത്രത്തിന്റെ മുൻ ചെയർമാൻ താരാചന്ദ് ഗോസ്വാമി പറഞ്ഞു.

‘നമ്മുടെ പൂർവികരുടെ തപസ്സുകൊണ്ടായിരുന്നു ദൈവം ഇവിടെ പ്രത്യക്ഷപ്പെട്ടത്. അവരുടെ മേൽനോട്ടത്താൽ ക്ഷേത്രം ആദരിക്കപ്പെട്ടു. പക്ഷേ, അതിന്റെ നടത്തിപ്പ് നിയന്ത്രിക്കാനുള്ള വ്യാജേന സർക്കാർ ഇപ്പോൾ അത് ഏറ്റെടുക്കുകയാണ്’ -ബുധനാഴ്ച നന്ദ്ഗാവിൽ നടന്ന പുരോഹിതരുടെ യോഗത്തിൽ ഗോസ്വാമി പറഞ്ഞു. ദൈവത്തെ സേവിക്കുക എന്നതുമാത്രം ജോലിയായിരുന്ന ബ്രാഹ്മണരുടെ ഉപജീവനമാർഗം സർക്കാർ മനഃപൂർവം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് വിഷ്ണു ഗോവാമി എന്ന പുരോഹിതനും ആരോപിച്ചു.

ഉത്തർപ്രദേശ് സർക്കാർ സനാതന വിരുദ്ധരും ബ്രാഹ്മണ വിരുദ്ധരുമാണ്. എല്ലാ മതസ്ഥലങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു പുരോഹിതനായ മുകേഷ് ഗോസ്വാമി പ്രതികരിച്ചു.  യമുന വൃത്തിയാക്കൽ, പശുക്കളെ സംരക്ഷിക്കൽ തുടങ്ങിയ പ്രധാന ജോലികൾ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ക്ഷേത്രത്തിന്റെ നടത്തിപ്പിനും അതിന്റെ ദൈനംദിന ആചാരങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ശ്രീ ബങ്കെ ബിഹാരിജി മന്ദിർ ന്യാസ് ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള ഒരു ഓർഡിനൻസ് സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു.

പതിനാറാം നൂറ്റാണ്ടിലെ സാധുവായ സ്വാമി ഹരിദാസ് നിർമിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം പരമ്പരാഗതമായി പുരോഹിതന്മാരാണ് നടത്തിവരുന്നത്.

പുരോഹിതന്മാരെ സേവിക്കുന്ന ഗോസ്വാമികൾ പറയുന്നതനുസരിച്ച് 1864 ൽ അവരുടെ പൂർവികർ ക്ഷേത്രത്തിൽ കൃഷ്ണ വിഗ്രഹം സ്ഥാപിച്ചുവെന്നാണ്. ക്ഷേത്രത്തിന്റെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ വിഗ്രഹം തങ്ങൾ കൊണ്ടുപോകുമെന്ന് അവർ പറഞ്ഞു.

ട്രസ്റ്റ് രൂപീകരണത്തെ എതിർക്കുന്നവരെ പിന്തുണക്കുന്നുവെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിർമഠത്തിലെ ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ് പറഞ്ഞു. ഒരു ട്രസ്റ്റിന്റെ സഹായത്തോടെ ക്ഷേത്രം ഏറ്റെടുക്കാനുള്ള സർക്കാറിന്റെ തീരുമാനത്തെ പുരോഹിതന്മാരും ജനങ്ങളും എതിർക്കണം. ക്ഷേത്രത്തിലെ നിരവധി അംഗങ്ങൾ ഇപ്പോഴും ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടാകാം. പക്ഷേ, സർക്കാർ പുരോഹിതന്മാരോട് അതിക്രമം കാണിക്കുന്നതിനുപകരം അവ പരിഹരിക്കാൻ പിന്തുണ നൽകുകയാണ് വേണ്ടത്. ക്ഷേത്രങ്ങൾ കണ്ടുകെട്ടുന്ന ഒരു സർക്കാറിന് മതേതരമാകാൻ കഴിയില്ല. സർക്കാർ നിരന്തരം ഗൂഢലക്ഷ്യത്തോടെ മതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഗോസ്വാമി പാരമ്പര്യത്തിന് എതിരായി സർക്കാർ രംഗത്തുവരികയും അതിന് ‘ഔദ്യോഗിക’ പുരോഹിതന്മാരെ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് മഥുരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - ‘Snatching the livelihood of the Brahmins; Mathura priests against Yogi government's decision to set up trust for Krishna temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.