പാമ്പിനുവേണ്ടി മഗധ് എക്സ്പ്രസിൽ തെരച്ചിൽ നടത്തുന്നു
ലഖ്നോ: തീവണ്ടിയിൽ പാമ്പ് കയറിക്കൂടിയത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. മഗധ് എക്സ്പ്രസിന്റെ ബോഗിയിൽ പാമ്പിന്റെ സാന്നിധ്യമറിഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തിയിലാവുകയായിരുന്നു. ട്രെയിനിന്റെ ബി വൺ എ.സി കോച്ചിലെ യാത്രക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. പുലർച്ചെ ഒരുമണിയോടെ പാമ്പിനെ കണ്ടതോടെ ഉറക്കം നഷ്ടപ്പെട്ട യാത്രക്കാർ ഭീതിയിലായി.
ഭാഗ്യവശാൽ, പാമ്പ് യാത്രക്കാരാരെയും ഉപദ്രവിച്ചില്ല. ട്രെയിനിൽ കയറിയ പാമ്പിന്റെ ചിത്രം ഫോണിൽ പകർത്തിയ യാത്രക്കാർ, റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഇതോടെ വണ്ടി ഇറ്റാവ സ്റ്റേഷനിൽ പിടിച്ചിട്ട് പാമ്പിനെ പിടികൂടാനായിരുന്നു തീരുമാനം. അതിനായി പാമ്പുപിടിത്തക്കാർ ഉൾപ്പെടെയുള്ളവരെ സ്റ്റേഷനിൽ സജ്ജരാക്കി നിർത്തിയിരുന്നു.
തുടർന്ന് സ്റ്റേഷനിലെത്തിയ വണ്ടി 15 മിനിറ്റോളം നിർത്തിയിട്ട് കമ്പാർട്മെന്റുകളിൽ ഉടനീളം തെരച്ചിൽ നടത്തി. നിരവധി പേർ ചേർന്ന് സീറ്റുകൾക്കടിയിലും ബർത്തുകളിലുമൊക്കെ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
ട്രെയിനിൽ പാമ്പ് കയറിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇറ്റാവയിൽ വണ്ടി പിടിച്ചിട്ട് തെരച്ചിൽ നടത്തിയതെന്ന് ആർ.പി.എഫ് അസി. ഇൻസ്പെക്ടർ ശിവചരൺ സിങ് പറഞ്ഞു. വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് തീവണ്ടിയിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ട്രെയിൻ ഡൽഹിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.