യു.പിയിൽ ശക്തമായ കാറ്റിലും മഴയിലും നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് മരണം

ഹമീർപുർ: ഉത്തർപ്രദേശിലെ ഹമീർപുർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പാലം തകർന്ന് വീണത്. മരണസംഖ‍്യ ഉയരാനാണ് സാധ‍്യത. തകർന്ന പാലത്തിനിടിയിൽ കുടുങ്ങികിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മൊറാകന്ദറിൽ നിന്ന് കന്ദൗർ ഗ്രാമത്തിലേക്ക് ബെത്വ നദിക്ക് കുറുകെ നിർമിക്കുന്ന പാലമാണ് തകർന്നത്. രാത്രി രണ്ട് മണിയോടെയാണ് സംഭവം. പാലത്തിൽ നിർമാണ ജോലികൾ നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മഴയത്ത് ചില തൊഴിലാളികൾ ഹൈഡ്ര മെഷീന്റെ അടിയിൽ നിൽക്കുകയായിരുന്നു.

ഈ നിർമാണ സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. `രാത്രി ഏകദേശം രണ്ട് മണിയോടെ പാലത്തിന്റെ സ്ലാബ് തകർന്ന് വീണതായും കുറച്ച് ആളുകൾ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിച്ചയുടൻ ഞങ്ങൾ സംഭവസ്ഥലത്തെത്തി. എസ്.ഡി.ആർ.എഫ് സ്ഥലത്തുണ്ട്, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്' ഹമീർപൂർ എ.എസ്.പി അരവിന്ദ് കുമാർ വർമ്മ അറിയിച്ചു. നാട്ടുകാർ നൽകുന്ന വിവരമനുസരിച്ച് ആദ്യം പാലത്തിന്റെ ഭാഗങ്ങൾ തകരുകയും തൊട്ടുപിന്നാലെ താങ്ങുതൂണുകൾ തകർന്നു വീഴുകയുമായിരുന്നു.

`കഴിഞ്ഞ രാത്രി അർദ്ധരാത്രിയോടെ വളരെ ശക്തമായ കാറ്റ് ഉണ്ടായി. ഞങ്ങൾ എല്ലാവരും ഉണർന്നു. എന്റെ ഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലെയാണ് പാലം പണിയുന്നത്. രാത്രി മുഴുവൻ പണി നടക്കുന്നുണ്ടായിരുന്നു. കൊടുങ്കാറ്റ് കാരണം പാലത്തിന്റെ ഭാഗങ്ങൾ തകർന്നു വീണു. തൽഫലമായി താങ്ങുതൂണുകളും തകരുകയും എല്ലാ ഭാഗങ്ങളും നിലംപൊത്തുകയും ചെയ്തു. പാലത്തിന് കാവൽ നിന്നിരുന്ന ഞങ്ങളുടെ രണ്ട് ഗാർഡുകൾ അടിയിൽ പെട്ട് മരിച്ചു. നാല് തൊഴിലാളികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത് രണ്ട് പേരെ കണ്ടെത്തി, രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായി വിശ്വസിക്കുന്നു. ശക്തമായ കാറ്റ് മൂലമാണ് ഈ അപകടം സംഭവിച്ചതെന്നാണ് തോന്നുന്നത്' പ്രദേശവാസി അറിയിച്ചു.

Tags:    
News Summary - Six dead after an under-construction bridge collapsed during heavy wind and rain in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.