എസ്.ഐ.ആർ: വാർ റൂം ഒരുക്കി തൃണമൂൽ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തെ (എസ്.ഐ.ആർ) രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം, വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരെ നീക്കുന്നത് തടയാൻ കർമപദ്ധതി ആവിഷ്കരിച്ച് തൃണമൂൽ കോൺഗ്രസ് (ടി.എം.സി). 24 മണിക്കൂറും പ്രവൃത്തിക്കുന്ന വാർ റൂമുകളും കമീഷൻ നടപടി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുമാണ് പാർട്ടി സജ്ജീകരിക്കുന്നത്.

ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ അധ്യക്ഷതയിൽ സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിൽനിന്നായി കഴിഞ്ഞ ദിവസം 18,000 ത്തോളം പേർ പങ്കെടുത്ത വെർച്വൽ യോഗത്തിലാണ് കർമപദ്ധതി ആവിഷ്‍കരിച്ചത്. എസ്.ഐ.ആർ എന്ന പേരിൽ ഒരു വോട്ടറുടെ പേര് പോലും അനാവശ്യമായി വെട്ടാതിരിക്കാനാണ് പാർട്ടി സമഗ്ര സംവിധാനം ഒരുക്കുന്നതെന്ന് ടി.എം.സി നേതാക്കൾ പറഞ്ഞു.

എല്ലാ മണ്ഡലത്തിലും വാർ റൂം

ബൂത്ത് ലെവൽ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പ്രവർത്തകർക്ക് മാർഗനിർദേശങ്ങൾ നൽകാനും ക്രമക്കേട് കണ്ടെത്താനും 294 മണ്ഡലങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിൽ വാർ റൂം സജ്ജീകരിക്കും. അതത് മണ്ഡലങ്ങളിലെ എം.എൽ.എമാർക്കും എം.എൽ.എമാർ ഇല്ലാത്തയിടത്ത് ബ്ലോക്ക് പ്രസിഡന്റുമാർക്കുമാണ് ചുമതല. പാർട്ടിയുടെ ബൂത്തുതല ഏജന്റുമാരുടെ (ബി.എൽ.എ) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്ത് കോഓഡിനേറ്റർമാരും ഡാറ്റാ എൻട്രിക്കും രേഖകൾ സൂക്ഷിക്കാനും അഞ്ചുപേരുമാണ് ഉണ്ടാവുക.

ബി.എൽ.ഒമാരെ ബി.എൽ.എമാർ നിരീക്ഷിക്കും

കമീഷന്റെ ബി.എൽ.ഒമാർ ഫോമുകളുമായി വീടുതോറും കയറുമ്പോൾ പാർട്ടിയുടെ ബൂത്തുതല ഏജന്റുമാരും (ബി.എൽ.എ) കൂടെ പോകും. ഫോമുകൾ നൽകുന്നതിനും മറ്റു നടപടികൾക്കും ബി.എൽ.ഒമാരെ സഹായിക്കും. 80,000-ലധികം ബൂത്തുകളിലെ പാർട്ടിയുടെ ബി.എൽ.എമാരുടെ പേരുകൾ കമീഷന് സമർപ്പിക്കും. ഒരു മിനിറ്റ് പോലും മാറരുതെന്നാണ് ബി.എൽ.എമാർക്ക് നേതൃത്വം നൽകിയ നിർദേശം. എല്ലായിടങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ ക്യാമ്പുകൾ പ്രവർത്തിക്കും. വോട്ടറുടെ അപേക്ഷകൾ പൂരിപ്പിക്കുകയും എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ചുറപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

സുവേന്ദു അധികാരിയുടെ നാട്ടിൽ നിയമ സെൽ

ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ ജില്ലയായ ഈസ്റ്റ് മിഡ്നാപൂരില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വോട്ടര്‍മാരെ ഒഴിവാക്കാനുള്ള ശ്രമം ചെറുക്കും. ഇവിടെ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക നിയമ സെൽ രൂപവത്കരിക്കും. ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിൽ കുടിയേറ്റം ഏറെയുള്ള ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന മാൾഡ, മുർഷിദാബാദ് ജില്ലകളിൽ വോട്ടർമാരെ നീക്കം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തും.

Tags:    
News Summary - SIR Trinamool sets up war room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.