എസ്ഐആർ പ്രഖ്യാപിത ശത്രുക്കളുടെ ഉന്മൂലനത്തിനുള്ള ആർഎസ്എസ് പദ്ധതി -എം.എ ബേബി
ന്യൂഡൽഹി: ഗോൾവാൾക്കർ വിചാരധാരയിൽ ഒന്നും രണ്ടും മൂന്നും ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിംകളെയും കൃസ്ത്യാനികളെയും കമ്യുണിസ്റ്റുകളെയും രാജ്യത്ത് നിന്ന് ഉന്മൂലനം പെയ്യാനുള്ള പ്രയോഗിക പദ്ധതിയാണ് വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. 13 കോടി ഇന്ത്യക്കാരെ വോട്ടർപട്ടികയിൽ നിന്ന് വെട്ടിനീക്കിയ ശേഷം സർക്കാറിന്റെ പദ്ധതികൾക്ക് അർഹതയുണ്ടായിരിക്കില്ലെന്നാണ് ഇപ്പോൾ പറയുന്നതെന്ന് ബേബി തുടർന്നു.
പൊലീസിന്റെ പിടിയിലായ ശേഷം വ്യാജ ഏറ്റുമുട്ടലുകളിലൂടെ നക്സലുകളെ വെടിവെച്ച് കൊന്നുതീർത്ത ശേഷം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഖി നക്സലുകളെ’ ഇല്ലായ്മ ചെയ്യുമെന്ന് പറയുന്നതും ഇതേ പദ്ധതിയുടെ തുടർച്ചയാണെന്നും ബേബി കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിലെ ഹർകിഷൻ സിങ് സുർജിത് ഭവനിലൊരുക്കിയ സേട്ടുസാഹിബ് നഗറിൽ ഇന്ത്യൻ നാഷനൽ ലീഗ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.
സംഘ്പരിവാറിനോട് സംവദിച്ചും സംസാരിച്ചും അവരെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നും അതിന്റെ തെളിവാണ് മുൻ പ്രധാനമന്ത്രി നരസിംഹറാവുവെന്നും മുൻ കേന്ദ്ര മന്ത്രി മണി ശങ്കർ അയ്യർ പറഞ്ഞു. പതിറ്റാണ്ടുകളുടെ മതനിരപേക്ഷ പാരമ്പര്യമുള്ള കോൺഗ്രസ് പ്രധാനമന്ത്രിയായിട്ട് പോലും ആർ.എസ്.എസ് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നത് ഇതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ്. സേട്ടുസാഹിബ് ഭയപ്പെട്ടതും ദീർഘദർശനം നടത്തിയതുമായ അപകടകരമായ ഹിന്ദുത്വയുടെ കിരാതത്വമാണ് ഇന്ന് രാജ്യത്ത് നടമാടുന്നതെന്നും മണി ശങ്കർ അയ്യർ പറഞ്ഞു.
തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും ഇന്ത്യയിലെ സാധാരണ ജനജീവിതം നരകതുല്ല്യമാക്കുമ്പോൾ ഏതാനും ചില കോർപ്പറേറ്റുകൾ റോക്കറ്റ് വേഗത്തിൽ വളരുന്ന അസന്തുലിതത്വമാണ് ഇന്ത്യയുടെ ദുരന്തമെന്ന് ഐ.എൻ.എൽ ദേശീയ സെമിനാർ വിഷയാവതരണത്തിൽ സമദ് നരിപ്പറ്റ ചൂണ്ടിക്കാട്ടി. ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ പ്രഭാഷണം നാഷണൽ വിമൻസ് ലീഗ് അഖിലേന്ത്യാ കമ്മിറ്റി പ്രസിഡന്റ് തസ്നീം ഷാജഹാൻ നിർവഹിച്ചു.
മഗ്സസെ പുരസ്കാര ജേതാവ് ഡോ. സന്ദീപ് പാണ്ഡെ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, മുൻ എം.പി കുൻവർ ഡാനിഷ് അലി, ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ, തമിഴ്നാട് മുൻ എം.എൽ.എ അഡ്വ. എം.ജി.കെ. നിസാമുദ്ദീൻ, ഓൾ ഇന്ത്യ പീസ് മിഷൻ പ്രസിഡന്റ് സർദാർ ദയാ സിങ്, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പ്രതിനിധി അഡ്വ. നിംഗപ്പ ദേവരാജ് തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ മോഡറേറ്ററായിരുന്നു. സിപി അൻവർ സാദത്ത് ആമുഖ പ്രഭാഷണം നിറ്വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ റഫീ അഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.
തുടർന്ന് സംഘടനാ സമ്മേളനവും പാർട്ടിയുടെ പുതിയ ഡിജിറ്റൽ അംഗത്വത്തിന്റെ വിതരണവും ഐഎൻഎൽ തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് നാഗൂർരാജക്ക് നൽകി പ്രൊഫ മുഹമ്മദ് സുലൈമാൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.