ഉമർ ഖാലിദ് ഷർജീൽ ഇമാം


'വിചാരണയില്ലാത്ത തടവ് ശിക്ഷയായി മാറുന്നു’; ഉമർ ഖാലിദും ഷർജീൽ ഇമാമും ജാമ്യം തേടി വീണ്ടും സുപ്രീം കോടതിയിലേക്ക്

ഡൽഹി: 2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജാമ്യം തേടി മുൻ ജവഹർലാൽ നെഹ്റു സർവകലാശാല ഗവേഷക വിദ്യാർഥി ഉമർ ഖാലിദും വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമും സുപ്രീംകോടതിയെ സമീപിച്ചു. ആറുവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന തങ്ങൾക്കെതിരായ കേസിൽ ഇതുവരെ ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. സെപ്റ്റംബർ 30ന് ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.

2026 ജനുവരി അഞ്ചിന് ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ ഉത്തരവ് പുറപ്പെടുവിച്ച് ഒരു വർഷം കഴിയുകയോ ചെയ്താൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ കാലാവധി 2027 ജനുവരി അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം.

കേസിലെ സാക്ഷി വിസ്താരം 2027 ജനുവരി അഞ്ചിനുമുമ്പ് പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ഹരജിയിൽ പറയുന്നു. കേസിൽ 900ലേറെ സാക്ഷികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ഒരാളെ പോലും വിസ്തരിച്ചിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസിന്റെ വാദം കേൾക്കൽ ജൂലൈയിൽ പൂർത്തിയായിട്ടുണ്ട്. എന്നിട്ടും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. പ്രോസിക്യൂഷൻ തെളിവായി പരിഗണിക്കാത്ത രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്ന സഹപ്രതിയുടെ അപേക്ഷയിൽ സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുകയാണ് വിചാരണക്കോടതി. ഈ വിഷയത്തിൽ സെപ്റ്റംബർ ഒന്നിന് സുപ്രീംകോടതി വിധി പറയാൻ മാറ്റിവെച്ചിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ സാക്ഷികളുടെ വിസ്താരം 2027 ജനുവരി അഞ്ചിനകം ആരംഭിക്കാൻ കഴിയില്ലെന്നാണ് ഹരജിക്കാരുടെ വാദം. വിചാരണ അനിശ്ചിതമായി നീളുന്നതിനിടെ പ്രതികളെ തുടർച്ചയായി തടവിൽ പാർപ്പിക്കുന്നത് നടപടിയുടെ ഭാഗമെന്നതിനപ്പുറം ശിക്ഷയായി മാറുകയാണെന്നും അവർ ആരോപിച്ചു.

ജനുവരി അഞ്ചിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബർ 30ന് ഡൽഹി ഹൈകോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. സുപ്രീംകോടതി നിശ്ചയിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ഹൈകോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

2026 ജനുവരി അഞ്ചിന് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി, കേസിലെ മറ്റ് അഞ്ച് പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചനയിൽ ഖാലിദിനും ഇമാമിനും ആരോപിക്കപ്പെടുന്ന പങ്ക് മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമാണെന്ന് നിരീക്ഷിച്ചായിരുന്നു ഇരുവർക്കും ജാമ്യം നിഷേധിച്ചത്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെ അഞ്ചുപേർ മാത്രമാണ് നിലവിൽ ജയിലിലുള്ളത്. ഉമർ ഖാലിദിനെ 2020 സെപ്റ്റംബർ 13നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ 2020 ജനുവരിയിൽ അറസ്റ്റിലായ ഷർജീൽ ഇമാമിനെതിരെ കലാപക്കേസിൽ അതേ വർഷം ആഗസ്റ്റിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Sharjeel Imam Appeals Delhi Riots Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.