എല്ലാ അഗ്നിവീറുകളെയും സ്ഥിരം സൈന്യത്തിൽ ഉൾപ്പെടുത്തും
ന്യൂഡൽഹി: തുടരാൻ താൽപര്യമുള്ള, ശാരീരികക്ഷമതയും അച്ചടക്കവും പുലർത്തുന്ന എല്ലാ അഗ്നിവീറുകളെയും ആറു വർഷ സേവന ശേഷം സ്ഥിരം സൈനിക വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ. ആദ്യ നാലു വർഷ സേവന കാലാവധി പൂർത്തിയാകുമ്പോൾ ആദ്യ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ശേഷിക്കുന്ന 75 ശതമാനം പേരെ രണ്ടാം ഘട്ടത്തിലെ രണ്ടു വർഷ സേവന കാലാവധി പൂർത്തിയാകുന്നതോടെ യാതൊരു പരിധിയുമില്ലാതെ സ്ഥിരം സൈനികരായി ഉൾപ്പെടുത്തും. അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി പിൻവലിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നാലു വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി സൈന്യത്തിൽനിന്ന് പുറത്തുപോകേണ്ട അഗ്നിവീറുകൾക്ക് രണ്ടു വർഷം കൂടി സേവന കാലാവധി നീട്ടിനൽകുമെന്നും തുടർന്ന് നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരെ സ്ഥിരം സൈനികരായി നിയമിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിശദീകരണം.
2022 ജൂണിൽ ആരംഭിച്ച അഗ്നിപഥ് പദ്ധതിപ്രകാരം നാലു വർഷത്തേക്കാണ് സൈനികരെ റിക്രൂട്ട് ചെയ്തിരുന്നത്. ഇവരിൽ 25 ശതമാനം പേരെ മാത്രമേ സ്ഥിരം സൈനിക സേവനത്തിൽ നിലനിർത്താൻ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ.
ഏകദേശം 18,300 അഗ്നിവീറുകൾ നാലു വർഷത്തെ സേവനം പൂർത്തിയാക്കി സായുധസേനയിൽനിന്ന് പുറത്തുപോകാനിരിക്കെയാണ് പദ്ധതിയിൽ മാറ്റം വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.