മുംബൈ: മഹാരാഷ്ട്രയിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ പരിപാടി ആർഭാടമാക്കിയതിൽ വിവാദം ശക്തമാകുന്നു. മുംബൈയിൽ നടന്ന ദ്വിദിന പാർലമെന്‍റ് എസ്റ്റിമേറ്റ് കമ്മിറ്റി യോഗത്തിന്‍റെ ചെലവ് വ്യക്തമാക്കുന്ന കണക്ക് പുറത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമായത്. അതിഥികൾക്ക് വിളമ്പിയ ഊണൊന്നിന് വില 5000 രൂപയും ഭക്ഷണം വിളമ്പാൻ എത്തിച്ച വെള്ളിത്തളികക്ക് ഒന്നിന് 550 രൂപ വാടകയുമാണെന്ന് കോൺഗ്രസ് പറയുന്നു. ലോക്സഭ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 600ഓളം പേരാണെത്തിയത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ അനാവശ്യ ആർഭാടം എന്തിനാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് വിജയ് വാഡെതിവാർ ചോദിച്ചു. “സംസ്ഥാനം ഏതാണ്ട് പാപ്പരത്തത്തിന്റെ വക്കിലായിരിക്കുമ്പോൾ, മുംബൈയിലെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങൾക്ക് വെള്ളി പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പേണ്ടതിന്റെ ആവശ്യകത എന്താണ്? ഓരോ ഊണിനും 5,000 രൂപയാണ് ചെലവ്. 600 പേർക്ക് വിരുന്നൊരുക്കിയത് 27 ലക്ഷം രൂപ ചെലവഴിച്ചാണ്. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ സർക്കാർ തയാറായിട്ടില്ല. ബോണസ് നൽകുകയും ചെയ്യുന്നില്ല. ആദിവാസി, സാമൂഹ്യക്ഷേമ, അങ്കണവാടി പദ്ധതികളിലെല്ലാം ചെലവ് വെട്ടിക്കുറക്കുമ്പോഴാണ് ഇത്തരം അനാവശ്യ ചെലവ്” -നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വാഡെതിവാർ പറഞ്ഞു.
“വിദർഭയിലെ ഭൂരിഭാഗം കർഷകർക്കും പുതിയ കൃഷിക്കുള്ള വായ്പകൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ശിശു സംരക്ഷണ കേന്ദ്രങ്ങൾ പരിപാലിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് കൃത്യസമയത്ത് ഓണറേറിയം നൽകുന്നില്ല, സഞ്ജയ് ഗാന്ധി നിരാധർ യോജന പോലുള്ള പദ്ധതികൾക്കുള്ള ഫണ്ട് ഇപ്പോഴും മുടങ്ങിക്കിടക്കുന്നു. എന്നിട്ടും, എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങൾക്ക് വെള്ളി പാത്രങ്ങളിൽ ഭക്ഷണം വിളമ്പാൻ സർക്കാർ തീരുമാനിക്കുന്നു, ഈ പ്രവൃത്തി മറ്റൊന്നുമല്ല, ദരിദ്രരെ അപമാനിക്കുന്നതാണ്. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ അവരുടെ കയ്യിൽ പണമില്ല, പക്ഷേ ആഡംബര വിരുന്നുകൾക്ക് ഫണ്ടിന്റെ ഒരു കുറവുമില്ല” -വാഡെതിവാർ പറഞ്ഞു.
മുംബൈയിലെ വിധാൻ ഭവനിൽ ജൂൺ 23, 24 തീയതികളിലാണ് എസ്റ്റിമേറ്റ് കമ്മിറ്റികളുടെ സമ്മേളനം നടന്നത്. പരിപാടിയിൽ പാർലമെന്റ്, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശ നിയമസഭകൾ എന്നിവയുടെ പാനലുകളുടെ അധ്യക്ഷന്മാരും അംഗങ്ങളും പങ്കെടുത്തു. അടുത്തിടെ അംഗീകരിച്ച മഹാരാഷ്ട്ര ശക്തിപീഠ് എക്സ്പ്രസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ സാധ്യതയുള്ള കർഷകർക്കിടയിൽ ഉയരുന്ന ആശങ്കയെ കുറിച്ചും വാഡെതിവാർ സൂചിപ്പിച്ചു. 802 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ, വിദർഭയിലെ വാർധ ജില്ലയിലെ പാവ്‌നാറിനെ മഹാരാഷ്ട്ര-ഗോവ അതിർത്തിയിലുള്ള സിന്ധുദുർഗ് ജില്ലയിലെ പത്രാദേവിയുമായി ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.