സിദ്ധരാമയ്യ
ബംഗളൂരു: കേരളത്തിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നടത്തിയ ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന് കേരളത്തിലും തമിഴ്നാട്ടിലും സ്ഥാനമില്ലെന്ന് ജനവിധി തെളിയിക്കുന്നു. ശരിയായ വിധിനിർണയം നടത്തിയ വോട്ടർമാരെ അഭിനന്ദിക്കുന്നു. കേരളത്തിലെ കോൺഗ്രസിന്‍റെ വിജയം പ്രതീക്ഷിച്ചതായിരുന്നു. ഏകീകൃത നേതൃത്വം, ശക്തരായ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്, പ്രചാരണം എന്നിവയുടെ ആകെത്തുകയാണ് വിജയം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടിയുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചുവെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കോൺഗ്രസ് നിയമസഭാ പാർട്ടി ഉടൻ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. ഈ വിജയം കർണാടകയിൽ കോൺഗ്രസിന് കൂടുതൽ ശക്തിപകരും.
പല സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതീക്ഷകൾക്കൊത്തുയര്‍ന്നു. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നിരിക്കാം അത് ഫലങ്ങളെ സ്വാധീനിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ, ഭരണ യന്ത്രങ്ങൾ, പണം, മസിൽ പവർ എന്നിവയുടെ ദുരുപയോഗം എന്നിവ ഫലത്തെ സാരമായി സ്വാധീനിച്ചു. സ്പെഷ്യൽ ഇന്‍റന്‍സീവ് റിവിഷൻ (എസ്.ഐ.ആര്‍) സമയത്ത് അവരുടെ ലക്ഷക്കണക്കിന് അനുയായികളുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വിജയം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെക്കുരിച്ചു ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങൾ ഈ ജനവിധി പുനർവിചിന്തനം ചെയ്യുകയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഡി.എം.കെയുടെ പരാജയം ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തിനേറ്റ വലിയ തിരിച്ചടിയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ തിരിച്ചടിയിൽ നിന്ന് കരകയറുമെന്ന് ഉറപ്പുണ്ട്. തമിഴ്‌നാട്ടിലെ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സിദ്ധരാമയ്യ അഭിനന്ദനങ്ങൾ അറിയിച്ചു. ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടിയുടെ വിലയിരുത്തലിന് വിരുദ്ധമായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചിരുന്നു. അത് ഫലങ്ങളിൽ പ്രതിഫലിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റം അത്ഭുതപ്പെടുത്തു. 30 മുതൽ 40 ശതമാനം വരെ വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും വലിയ മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. വോട്ടർമാരുടെ പ്രതീക്ഷകൾ വ്യത്യസ്തമായിരുന്നുവെന്ന് വിജയം എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ മികച്ചരീതിയില്‍ രാഷ്ട്രീയ വിലയിരുത്തലുകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകത തെരഞ്ഞെടുപ്പ് ഫലങ്ങൾ എടുത്തു കാണിക്കുന്നു. മാറ്റങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കണം. രാഷ്ട്രീയവായന തെറ്റിപ്പോകാൻ പാടില്ലയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.