രാജസ്ഥാനിൽ വീണ്ടും സിസേറിയൻ ദുരന്തം; ജോധ്പൂരിൽ സിസേറിയന് ശേഷം എട്ട് സ്ത്രീകൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ഓപ്പറേഷൻ തിയേറ്റർ അടച്ചുപൂട്ടി

ജോധ്പൂർ: ജോധ്പൂർ ജില്ലാ ആശുപത്രിയിൽ സിസേറിയന് വിധേയരായ എട്ട് സ്ത്രീകൾക്ക് വൃക്ക തകരാറുൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 20-ന് നടന്ന ശസ്ത്രക്രിയക്ക് ശേഷമാണ് സ്ത്രീകൾക്ക് അമിത രക്തസ്രാവം, രക്തസമ്മർദ്ദം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സംഭവം ഗൗരവമായതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അധികൃതർ അടച്ചുപൂട്ടി. ഇവിടെ നിന്നുള്ള സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് ഉപയോഗിച്ച എല്ലാ മരുന്നുകളും അന്വേഷണം പൂർത്തിയാകുന്നത് വരെ നിരോധിച്ചതായി ആശുപത്രി പ്രിൻസിപ്പൽ ഡോ. ബി.എസ്. ജോധ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഡോക്ടർമാരും ഡ്രഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന ഉന്നതതല സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ സിസേറിയന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിക്കാനീറിലെ പി.ബി.എം ആശുപത്രിയിൽ ജൂൺ 5-ന് സിസേറിയന് വിധേയയായ ശാരദ നായക് എന്ന യുവതി രണ്ടാഴ്ചത്തെ വെന്റിലേറ്റർ ചികിത്സക്ക് ശേഷം മരണപ്പെട്ടിരുന്നു. കൂടാതെ, ഇതേ ആശുപത്രിയിൽ സിസേറിയന് ശേഷം ആറ് സ്ത്രീകൾക്ക് വൃക്ക തകരാറിലാവുകയും ചെയ്തു.

മെയ് മാസത്തിൽ കോട്ടയിലെ ന്യൂ മെഡിക്കൽ ഗവൺമെന്‍റ് ആശുപത്രിയിൽ അഞ്ച് സ്ത്രീകൾ മരിച്ചതും വലിയ വിവാദമായിരുന്നു. 40 ദിവസങ്ങൾക്കിപ്പുറവും അവിടെ അഞ്ച് സ്ത്രീകൾ ഇപ്പോഴും ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. കോട്ടയിലെ സംഭവത്തിൽ അണുബാധയോ മരുന്നുകളുടെ ഗുണനിലവാരക്കുറവോ അല്ല കാരണമെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, അന്വേഷണ റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജോധ്പൂർ, കോട്ട, ബിക്കാനീർ എന്നിവിടങ്ങളിലെ സംഭവങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസർ പ്രതികരിച്ചിരുന്നു. സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. സങ്കീർണ്ണമായ കേസുകളാണ് പലപ്പോഴും ഇവിടെ ചികിത്സിക്കുന്നത്. രോഗികൾക്ക് ആവശ്യമായ എല്ലാ ശ്രദ്ധയും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗുണനിലവാരമില്ലാത്ത ഓക്സിടോസിൻ മരുന്നുകളുടെ ഉപയോഗമാണ് പലയിടത്തും പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രസവശേഷം രക്തസ്രാവം തടയാൻ അത്യാവശ്യമായ മരുന്നാണിത്. എങ്കിലും, ഇക്കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം സർക്കാർ ഭാഗത്തുനിന്നും ഇനിയും ഉണ്ടാകേണ്ടതുണ്ട്.

ഈ തുടർച്ചയായ സംഭവങ്ങൾ രാജസ്ഥാനിലെ മാതൃ-ശിശു ആരോഗ്യ പരിപാലന സംവിധാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയൊരു ചോദ്യചിഹ്നം ഉയർത്തുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള കർശനമായ നടപടികളും അന്വേഷണ റിപ്പോർട്ടുകളുടെ സുതാര്യതയും മാത്രമെ രോഗികളിലും അവരുടെ കുടുംബങ്ങളിലും വിശ്വാസം തിരികെ കൊണ്ടുവരികയുള്ളൂ.

Tags:    
News Summary - Eight women suffer serious health problems after Caesarean section in Jodhpur, operation theatre closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.