അഹമദാബാദ്: മുൻ അഗ്നിവീറുകൾക്ക് സ്ഥിരമായി തൊഴിലവസരം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വിവിധ വകുപ്പുകളിലെ ക്ലാസ് III തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങളിൽ ഗുജറാത്ത് സർക്കാർ 20 ശതമാനം സംവരണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഞായറാഴ്ച എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്.
പ്രഖ്യാപനം അനുസരിച്ച് റിക്രൂട്ട്‌മെന്‍റ് ഡ്രൈവുകളിലെ കായികക്ഷമതാ പരീക്ഷകളിൽ നിന്നും മുൻ അഗ്നിവീറുകളെ ഒഴിവാക്കും. നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധിയിൽ ഇവർക്ക് മൂന്ന് വർഷം വരെ ഇളവ് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സായുധ പൊലീസ് സബ് ഇൻസ്പെക്ടർ, സായുധ പൊലീസ് കോൺസ്റ്റബിൾ, സ്റ്റേറ്റ് റിസർവ് പൊലീസ് പ്ലാറ്റൂൺ കമാൻഡർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകൾ ഉൾപ്പെടെ നിരവധി യൂണിഫോംഡ് സർവീസുകളിലെ നിയമനങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ബാധകമായിരിക്കും.
ജയിൽ, വനം വകുപ്പുകളിലെ റിക്രൂട്ട്‌മെന്റുകളിലും മുൻ അഗ്നിവീരന്മാർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജയിൽ വകുപ്പിന് കീഴിലുള്ള ജയിലർ ഗ്രൂപ്പ്-2, ജയിൽ സിപായി, അതുപോലെ വനം-പരിസ്ഥിതി വകുപ്പിന്റെ ഫോറസ്റ്റ് ഗാർഡ് ക്ലാസ്-3, ഫോറസ്റ്റ് വാച്ചർ ക്ലാസ്-3 എന്നീ വിഭാഗങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങളിലും മുൻ അഗ്നിവീറുകൾക്ക് ഈ ആനുകൂല്യം നൽകും.
സൈന്യത്തിന്റെ മൂന്ന് ശാഖകളിലേക്കും നാല് വർഷത്തെ കാലയളവിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി 2022-ൽ അവതരിപ്പിച്ച 'അഗ്നിപഥ്' പദ്ധതിക്ക് കീഴിൽ സേവന കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നടത്തുന്ന വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഗുജറാത്ത് സർക്കാറിന്‍റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.