ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകളുടെയും എം777എ2 അൾട്രാ-ലൈറ്റ് ഹൊവിറ്റ്സർ പീരങ്കികളുടെയും ദീർഘകാല പരിപാലനത്തിനായുള്ള കരാറിന് അമേരിക്ക ഔദ്യോഗികമായി അനുമതി നൽകി. പ്രതിരോധ സാങ്കേതിക സഹായങ്ങളും അനുബന്ധ ഉപകരണങ്ങളും കൈമാറുന്ന കരാറിന് 4,000 കോടിയിലധികം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
കരാർ പ്രകാരം ആവശ്യമായ സ്പെയർ പാർട്സുകൾ, അറ്റകുറ്റപ്പണികൾ, സാങ്കേതിക സഹായങ്ങൾ, ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ അമേരിക്ക ഉറപ്പാക്കും. ഇതിൽ പീരങ്കികളുടെ പരിപാലനത്തിനായി 230 ദശലക്ഷം ഡോളറും, അപ്പാച്ചെ ഹെലികോപ്ടറുകളുടെ സുരക്ഷാ-സാങ്കേതിക പാക്കേജിനായി 198.2 ദശലക്ഷം ഡോളറുമാണ് വകയിരുത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളായ ബോയിങ്, ലോക്ഹീഡ് മാർട്ടിൻ എന്നിവരും ബ്രിട്ടൻ ആസ്ഥാനമായുള്ള ബി.എ.ഇ സിസ്റ്റംസുമാണ് പരിപാലന കരാറിന്റെ പ്രധാന ചുമതല വഹിക്കുന്നത്.
ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇൻഡോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലകളിൽ സമാധാനവും രാഷ്ട്രീയ സ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യ വലിയ ശക്തിയാണ്. പുതിയ പ്രതിരോധ സഹായം നിലവിലുള്ളതും ഭാവിയിലുണ്ടായേക്കാവുന്നതുമായ സുരക്ഷാ ഭീഷണികളെ നേരിടാൻ ഇന്ത്യയെ കൂടുതൽ പ്രാപ്തമാക്കുമെന്നും മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അമേരിക്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.