മൈസൂരു ദസറ ബാനു മുഷ്താഖ് തന്നെ ഉദ്ഘാടനം ചെയ്യും -സിദ്ധരാമയ്യ; 'എതിർക്കുന്നത് ചരിത്രം അറിയാത്ത ഭ്രാന്തന്മാർ'

ബംഗളൂരു: ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ഈ വർഷത്തെ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത് ശരായായ തീരുമാനം തന്നെയാണെന്ന് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ള ഒരു മതേതര, സാംസ്കാരിക ഉത്സവമാണിതെന്ന് അദ്ദേഹം മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

'ദസറ ഒരു സാംസ്കാരിക ഉത്സവമാണ്, അതൊരു 'നാദ ഹബ്ബ' (സംസ്ഥാന ഉത്സവം)കൂടിയാണ്. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ മാത്രം ഉദ്ഘാടനം ചെയ്യണമെന്ന് ഒന്നുമില്ല. നാദ ഹബ്ബ എന്നാൽ എല്ലാവർക്കും വേണ്ടിയുള്ള ഒരു ഉത്സവമാണ് - ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, ബുദ്ധമതക്കാർ, ജൈനന്മാർ തുടങ്ങി എല്ലാവർക്കുമുള്ള ഉത്സവമാണ്.

ദസറയെക്കുറിച്ചുള്ള ഉന്നതാധികാര സമിതിയാണ് തനിക്ക് അനുമതി നൽകിയത്. അന്താരാഷ്ട്ര ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യണമെന്ന് താൻ തീരുമാനിച്ചു. നേരത്തെയും മുസ്‌ലിം സമുദായത്തിൽ നിന്നുള്ള കവി കെ.എസ്. നിസ്സാർ അഹമ്മദിനെ ദസറ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചിരുന്നു.' സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

തീരുമാനത്തെ എതിർക്കുന്നവരെ 'ചരിത്രം അറിയാത്ത ഭ്രാന്തന്മാർ' എന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ, ഹൈദർ അലി, ടിപ്പു സുൽത്താൻ, ദിവാൻ മിർസ ഇസ്മായിൽ എന്നിവരുടെ കാലത്തും ഈ ഉത്സവം ആഘോഷിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. 'ഇതൊരു മതേതര ഉത്സവമാണ്, അതിനാൽ അന്താരാഷ്ട്ര ബുക്കർ സമ്മാന ജേതാവിനെ ക്ഷണിക്കണമെന്ന് ഞാൻ തീരുമാനിച്ചു. ചില ഭ്രാന്തന്മാർ ഇതിനെതിരെ സംസാരിക്കുന്നു; അറിയില്ലെങ്കിൽ അവർ ചരിത്രം പഠിക്കേണ്ടതുണ്ട്.' -അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കന്നഡയെ ഭുവനേശ്വരി ദേവിയായി ആരാധിക്കുന്നതിനെതിരെയും ന്യൂനപക്ഷങ്ങൾക്ക് ഇത് ഒരു അപവാദമാണെന്നും മുഷ്താഖ് എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടുള്ള ഒരു പഴയ വീഡിയോ വൈറലായതിനെ തുടർന്നാണ് എതിർപ്പുകൾ ഉയർന്നത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രയും മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയറും ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് മുഷ്താഖ് ചാമുണ്ഡേശ്വരി ദേവിയോടുള്ള ആരാധന വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തന്റെ പ്രസംഗത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ട് തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്ന് മുഷ്താഖ് വിശദീകരിച്ചിട്ടുണ്ട്.

എതിർക്കാൻ ബി.ജെ.പി മുടന്തൻ ഒഴികഴിവുകൾ തേടുകയാണെന്ന് പറഞ്ഞ സിദ്ധരാമയ്യ, "ഇത് നാദ ഹബ്ബയാണ്, ഞാൻ അത് വളരെ വ്യക്തമായി പറയുന്നു. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു. ഇത് ഉദ്ഘാടനം ചെയ്യാൻ ബാനു മുഷ്താഖിനെ ക്ഷണിക്കുന്നത് ഉചിതമാണ്." എന്നും പറഞ്ഞു.

മുഷ്താഖിനൊപ്പം ഇന്റർനാഷണൽ ബുക്കർ സമ്മാനം പങ്കിട്ട വിവർത്തക ദീപ ഭാസ്ഥിയെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന ബി.ജെ.പിയുടെ ചോദ്യത്തിന്, മുഖ്യമന്ത്രി പറഞ്ഞു: 'രണ്ട് പേർക്ക് ഉദ്ഘാടനം ചെയ്യാൻ കഴിയില്ല. മൈസൂരു കൊട്ടാരത്തിന് മുന്നിൽ അവരെ ആദരിക്കുന്നതിനെക്കുറിച്ച് പിന്നീട് നോക്കാം. സർക്കാർ ഇരുവർക്കും 10 ലക്ഷം രൂപ വീതം നൽകി ആദരിച്ചിട്ടുണ്ട്.'

ഈ വർഷത്തെ ദസറ ആഘോഷങ്ങൾ സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് 'വിജയദശമി'യോടെ അവസാനിക്കും.

Tags:    
News Summary - Siddaramaiah backs Banu Mushtaq as Mysuru Dasara inaugurator, calls festival ‘secular and cultural’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.