‘ധാർമികമായ ധൈര്യമെങ്കിലും കാണിക്കൂ’: ഇറാനെതിരായ യു.എസ് ആക്രമണത്തെ അപലപിക്കാത്തതിന് മോദി സർക്കാറിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി: ഗസ്സയിലും ഇറാനിലും ഇസ്രായേൽ നടത്തിയ നാശനഷ്ടങ്ങളിൽ ഇന്ത്യയുടെ മൗനം ‘ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങൽ കൂടിയാണ്’ എന്ന സോണിയ ഗാന്ധിയുടെ ശക്തമായി വിമർശനത്തിനു പിന്നാലെ മോദി സർക്കാറിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്ത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ  ജയറാം രമേശ് വിമർശിച്ചു. ഇറാനുമായി സംഭാഷണം നടത്തണമെന്ന യു.എസ് പ്രസിഡന്റിന്റെ സ്വന്തം ആഹ്വാനങ്ങളെ പരിഹസിക്കുന്നതാണ് അതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഇറാനുമായുള്ള അടിയന്തര നയതന്ത്രവും സംഭാഷണവും അനിവാര്യമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ‘എക്‌സി’ലെ പ്രസ്താവനയിൽ രമേശ് പറഞ്ഞു. ധാർമിക ധൈര്യമില്ലെന്ന് ആരോപിച്ച് മോദി സർക്കാറിനെയും അദ്ദേഹം ലക്ഷ്യം വച്ചു.  ‘അമേരിക്കയുടെ ബോംബാക്രമണത്തെയോ, ഇസ്രായേലിന്റെ ഉന്നംവെച്ചുള്ള  കൊലപാതകങ്ങളെയോ മോദി സർക്കാർ വിമർശിക്കുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും അവർ മൗനം പാലിച്ചു’വെന്നും ജയറാം രമേശ് പറഞ്ഞു.

ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യു.എസ് ബോംബാക്രമണം നടത്തി ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഇറാൻ ഇസ്രായേലുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ ‘വലിയ ആശങ്ക’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനെ അറിയിക്കുകയും സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും സ്ഥിതിഗതികൾ വഷളാക്കാതിരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ആക്രമണത്തെ മോദി ഇതുവരെ അപലപിച്ചിട്ടില്ല.

 ഗസ്സയിലും ഇറാനിലും ഇസ്രായേൽ വരുത്തിയ നാശ നഷ്ടങ്ങളിൽ ഇന്ത്യയുടെ മൗനം ‘ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങലും’ ആണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി ശനിയാഴ്ച ശക്തമായി വിമർശിച്ചു. 

ഇസ്രായേലിനൊപ്പം സ്വതന്ത്ര ഫലസ്തീൻ വിഭാവനം ചെയ്യുന്ന സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഇന്ത്യയുടെ ദീർഘകാലവും തത്വാധിഷ്ഠിതവുമായ പ്രതിബദ്ധത നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചുവെന്നും അവർ ആരോപിച്ചു.

Tags:    
News Summary - 'Show moral courage': Congress shreds Modi govt for not condemning US strikes on Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.