അഖിലേഷിന് രാഷ്ട്രീയ പക്വതയില്ലെന്ന് അമ്മാവൻ ശിവപാൽ യാദവ്

ലഖ്നോ: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനുവായി അമ്മാവനും മുൻ സമാജ് വാദി പാർട്ടി നേതാവുമായിരുന്ന ശിവപാൽ യാദവ്. സമാജ് വാദി പാർട്ടി അധ്യക്ഷന്‍റെ പക്വതയില്ലായ്മയാണ് നിരവധി സഖ്യകക്ഷികൾ പാർട്ടി വിട്ടുപോവാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുമെന്നും അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു.

'അഖിലേഷ് യാദവ് എന്റെ നിർദേശങ്ങൾ ഗൗരവമായി എടുത്തിരുന്നെങ്കിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ അവസ്ഥ തികച്ചും വ്യത്യസ്തമായിരിക്കും. സമാജ്‌വാദി പാർട്ടിയുടെ നിരവധി സഖ്യകക്ഷികൾ ഇപ്പോൾ പാർട്ടി വിട്ടുപോകുന്നു, പാർട്ടി മേധാവിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് ഇതിന് കാരണം'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ദ്രൗപതി മുർമുവിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുക്കിയ അത്താഴവിരുന്നിൽ ശിവപാൽ യാദവ് പങ്കെടുത്തിരുന്നു. പ്രഗതിഷീൽ സമാജ്‌വാദി പാർട്ടി തലവനായ ശിവപാൽ യാദവ് നിലവിൽ സമാജ്‌വാദി പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജസ്വന്ത് നഗറിൽ നിന്നുള്ള എംഎൽഎയാണ്.

2012-2017 അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലെ മന്ത്രിസഭയിൽ ഏറ്റവും ശക്തനായ രണ്ടാമത്തെ മന്ത്രി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2018-ൽ അധികാര തർക്കത്തെതുടർന്ന് അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു. 

Tags:    
News Summary - Shivpal criticizes nephew Akhilesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.