കാത്തിരിപ്പിന് വിരാമം: ഇന്ത‍്യന്‍ തീരം തൊട്ട് ശിവാലിക്

ന്യൂഡൽഹി: പശ്ചിമേഷ‍്യ സംഘർഷത്തെതുടർന്ന് അടച്ചിട്ട ഹുർമുസ് കടലിടുക്ക് കടന്ന് ഇന്ത‍്യന്‍ എൽ.പി.ജി ടാങ്കർ കപ്പൽ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചേർന്നു. ഇറാന്‍-ഇന്ത്യ നയതന്ത്രത്തിന്‍റെ ഫലമായി ഇന്ത്യൻ പതാകയേന്തിയ നന്ദാദേവീ, ശിവാലിക് എന്നീ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്ക് കടക്കാന്‍ അനുമതി നൽകുകയായിരുന്നു.

മാർച്ച് 16 ഓടെ ശിവാലികും 17ഓടെ നന്ദ ദേവിയും മുന്ദ്ര, കാണ്ട്ല തീരതൊടുമെന്ന് തുറമുഖമന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ശനി‍യാഴ്ച അറിയിച്ചതിന് പിന്നാലെയാണ് കപ്പൽ ഇന്ത‍്യയിലെത്തിയത്.ഏകദേശം 92,700 മെട്രിക് ടൺ എൽ.പി.ജി ഇന്ധനമാണ് ഇരു കപ്പലുകളിലുമുള്ളത്. നിലവിൽ 22 ഇന്ത‍്യന്‍ കപ്പലുകൾ പേർഷ‍്യന്‍ ഗൾഫ് മേഖലയിൽ അവശേഷിക്കുന്നു. ഇതിൽ 611 നാവികരാണുള്ളത്.

ഹുർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനരാരംഭിക്കാൻ തെഹ്‌റാനുമായി നേരിട്ടുള്ള ചർച്ചയാണ് ഏറ്റവും ഫലപ്രദമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടിരുന്നു. ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ നിർണ്ണായക ജലപാത വീണ്ടും തുറക്കുന്നതിനായി ഇന്ത്യ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണെന്ന് അദ്ദേഹം ഫൈനാൻഷ്യൽ ടൈംസ് യു.കെക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

`ഈ ചർച്ചകൾക്ക് ഫലമുണ്ട്, പിന്മാറുന്നതിനേക്കാൾ തെഹ്‌റാനുമായി കാര്യങ്ങൾ ചർച്ച ചെയ്ത് ഏകോപിപ്പിക്കുന്നതാണ് കൂടുതൽ ഫലപ്രദം' അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പതാകയേന്തിയ എല്ലാ കപ്പലുകൾക്കും ഇതുവരെ പൊതുവായ ധാരണ ഉണ്ടായിട്ടില്ലെന്നും ഓരോ കപ്പലിനെയും പ്രത്യേകമായി അനുമതി വാങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിർണായക തീരുമാനത്തിന് വഴിയൊരുങ്ങിയത്.

അതേസമയം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഹുർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി അബ്ദുൾ മജിദ് ഹകീം ഇലാഹി വ‍്യക്തമാക്കിയിരുന്നു. ഇന്ത്യൻ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരത്തിന് അനുമതി നൽകുമോ എന്ന എ.എൻ.ഐയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - The wait is over: Shivalik reaches the Indian coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.