മുംബൈ: മഹാരാഷ്ട്രയിൽ വിമത നീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം മഹാ വികാസ് അഘാഡിയുടെ പ്രതീക്ഷകൾ തകരുന്നു.ശിവസേനയിലേക്ക് മടക്കമില്ലെന്നും ബി.ജെ.പിയെ പിന്തുണക്കുമെന്നുമുളള സൂചനയുമായി നഗര മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം നിലപാട് കടുപ്പിച്ചു. അവസാന ശ്രമമെന്ന നിലയിൽ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ വിമതരോട് മടങ്ങിവരാൻ വൈകാരികമായി അഭ്യർഥിച്ചു.

ശിവസേന തലവൻ എന്ന നിലയിൽ ശിവസൈനികരുടെ മുഴുവൻ കുടുംബത്തിന്റെയും തലവൻ കൂടിയാണെന്നും കെണിയിൽ പെടരുതെന്നും നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയിൽ ആശങ്കയുണ്ടെന്നും ഉദ്ധവ് പറഞ്ഞു. എന്നാൽ, വിമതപക്ഷം അത് ചെവിക്കൊണ്ടില്ല. വിമതരിൽ പകുതിയോളം പേർ തങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്ന ഔദ്യോഗിക പക്ഷത്തിന്റെ വാദം ഏക്നാഥ് ഷിൻഡെ തള്ളി. 55 ശിവസേന എം.എൽ.എമാരിൽ 40 ഓളം പേർ ഗുഹവതിയിലെ ഹോട്ടലിൽ തമ്പടിച്ച ഷിൻഡെ പക്ഷത്തിനൊപ്പമാണ്. 10ഓളം സ്വതന്ത്രരും വിമത ക്യാമ്പിലുണ്ട്. 50 എം.എൽ.എമാരുമായി താൻ മുംബൈയിലെത്തുമെന്ന് ഷിൻഡെ പറഞ്ഞു.

ഇതിനിടയിൽ, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി നേതാക്കളുമായി ചർച്ചക്ക് ഡൽഹിയിലെത്തി. ബി.ജെ.പിയിലെ മുഴുവൻ എം.എൽ.എമാരോടും മുംബൈയിലെത്താൻ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. അടുത്ത രണ്ട് ദിവസം നിർണായകമാകുമെന്ന് ബി.ജെ.പി നേതാക്കൾ പറയന്നു. മുംബൈയിലെത്തിയാലുടൻ ഷിൻഡെ ഉദ്ധവ് സർക്കാറിനെതിരെ ഗവർണറെ കാണുമെന്നാണ് സൂചന.

വിമതരെ പൂർണമായും പൊളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഉദ്ധവ് സർക്കാറിന് വിശ്വാസ വോട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. 16 വിമതരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നീക്കം സുപ്രീംകോടതിയിലുമാണ്. അതേസമയം, ഭരണ പ്രതിസന്ധിക്കിടയിൽ വികസന പദ്ധതിക്കായുള്ള കോടികളുടെ ഫണ്ടുകൾ റിലീസ് ചെയ്യാനുള്ള വകുപ്പുകളുടെ ഉത്തരവിൽ മഹാരാഷ്ട്ര ഗവർണർ സർക്കാറിന്റെ വിശദീകരണം തേടി. നിയമസഭ കൗൺസിൽ അധ്യക്ഷനും ബി.ജെ.പി നേതാവുമായ പ്രവീൺ ദരേക്കറുടെ പരാതിയിലാണ് നടപടി.

Tags:    
News Summary - Shiv Sena crisis does not end in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.