ശേഖര്‍ റെഡ്ഡിയുടെ കൂട്ടാളികളുടെ വീട്ടില്‍ പരിശോധന തുടരുന്നു

ചെന്നൈ: കോടികളുടെ പുതിയ നോട്ടും സ്വര്‍ണവും കണ്ടത്തെിയതിനെതുടര്‍ന്ന് സി.ബി.ഐ അറസ്റ്റുചെയ്ത മണല്‍ ഖനി ഉടമയും സര്‍ക്കാര്‍ കരാറുകാരനുമായ ശേഖര്‍ റെഡ്ഡിയുടെ കൂട്ടാളികളുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. റെഡ്ഡിക്കൊപ്പം ജയിലില്‍ കഴിയുന്ന രത്നം, രാമചന്ദ്രന്‍ എന്നിവരുടെ ദിണ്ഡിഗല്‍, പുതുക്കോട്ടൈ ജില്ലകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ശനിയാഴ്ച രാവിലെ മുതല്‍ പരിശോധന നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ ശേഖര്‍ റെഡ്ഡിയുടെ ജെ.എസ്.ആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയില്‍നിന്ന് വന്‍ തുക സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ രേഖകള്‍ ആദായനികുതി വകുപ്പിന് ലഭിച്ചതായി സൂചനയുണ്ട്. സംസ്ഥാന ഹൈവേകള്‍ നിര്‍മിക്കുന്ന കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ ഉറപ്പിക്കാന്‍ കോടികളുടെ പിന്നാമ്പുറ ഇടപാട് നടന്നതായി സംശയിക്കുന്നു.

ശേഖര്‍ റെഡ്ഡിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ വസതികളിലും ഉടന്‍ പരിശോധന നടന്നേക്കും. ജയിലില്‍ കഴിയുന്ന ശേഖര്‍ റെഡ്ഡിയുടെയും സഹോദരന്‍െറയും സഹായികളുടെയും  വീടുകളില്‍ നടത്തിയ പരിശോധനയില്‍ 147 കോടി രൂപയുടെ പഴയ നോട്ടും 33 കോടിയുടെ പുതിയ 2,000 നോട്ടും 178 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കള്ളപ്പണത്തിനെതിരായ നീക്കം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ഇതോടൊപ്പം സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ പരിശോധന തുടരും.

Tags:    
News Summary - Shekhar Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.