രന്യ റാവു, പിതാവ് രാമചന്ദ്ര റാവു
ബംഗളൂരു: മകളുടെ നിയമ ലംഘന പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്ന് സ്വർണക്കടത്തിൽ പിടിയിലായ നടി രന്യ റാവുവിന്റെ പിതാവും കർണാടക ഹൗസിങ് കോർപറേഷൻ ഡി.ജി.പിയുമായ കെ. രാമചന്ദ്ര റാവു. കുറച്ചുകാലമായി മകളുമായി അകൽച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
രന്യ ആർക്കിടെക്റ്റായ ജതിൻ ഹുക്കേരിയെ വിവാഹം കഴിച്ചത് നാലു മാസം മുമ്പാണ്. പബ്ബുകളും ബാറുകളും രൂപകൽപന ചെയ്യുന്നതിൽ വിദഗ്ധനാണ് ജതിൻ. വിവാഹം കഴിഞ്ഞ ശേഷം സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ രന്യ എത്തിയിട്ടില്ല. അവളുടെയോ അവളുടെ ഭർത്താവിന്റെയോ ബിസിനസിനെക്കുറിച്ച് തങ്ങൾക്ക് ഒരു അറിവുമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു.
‘കടുത്ത ഞെട്ടലും നിരാശയുമാണ് ഈ വാർത്ത ഞങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. അവൾ ഞങ്ങളെ നാണംകെടുത്തി. തെറ്റായി അവൾ എന്തുചെയ്തിട്ടുണ്ടെങ്കിലും നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെ’ -പിതാവ് പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാമചന്ദ്ര റാവു പറഞ്ഞു.
നിരവധി തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ട രന്യ തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. 14 കിലോയിലേറെ സ്വർണം കടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് രന്യ റാവുവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 14 കിലോ ഗ്രാം സ്വർണം ബാറുകളായി ഇവർ ബെൽറ്റിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. 800 ഗ്രാം സ്വർണം ആഭരണങ്ങളായും അണിഞ്ഞിരുന്നു.
ഐ.പി.എസ് ഉദ്യോഗസ്ഥർ പോലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കായുള്ള ഗ്രീൻ ചാനലിലൂടെയാണ് രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുകാരണം ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സർക്കാർ വാഹനത്തിലാണ് ഇവർ പോയിരുന്നത്.
ഒടുവിൽ, ഡി.ആർ.ഐയുടെ തന്ത്രപരമായ ഇടപെടലിൽ ദുബൈയിൽ നിന്നെത്തിയ രന്യയെ കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടുകയായിരുന്നു. പിന്നീട് നഗരത്തിലെ ലാവെല്ലെ റോഡിലുള്ള ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ സ്വർണം കണ്ടെത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ രന്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം കടത്തുന്ന സംഘവുമായി നടിക്ക് ബന്ധമുണ്ടെന്നാണ് ഡി.ആർ.ഐ സംശയിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തുതവണ വിദേശയാത്ര നടത്തിയ രന്യയുടെ നീക്കങ്ങൾ ഡി.ആർ.ഐ നിരീക്ഷിച്ച് വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.