ന്യൂഡൽഹി: രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ വിവിധ സംസ്ഥാന സർക്കാരുകൾ സമിതികൾ രൂപീകരിക്കുന്നതിനിടയിൽ രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾക്ക് മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. സ്കൂൾ ശരിയാക്കൂ എന്ന തങ്ങളുടെ ആവശ്യത്തിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് സി.ജെ.പി അറിയിച്ചു.
രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ശബ്ദം കേൾക്കാനും അവർക്ക് അർഹമായത് നൽകാനും തങ്ങളുടെ മുന്നേറ്റത്തിന് സാധിച്ചതായി സംഘടന ചൂണ്ടിക്കാണിച്ചു. വിദൂര ഗ്രാമങ്ങളിലെയും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെയും കുട്ടികൾക്ക് പോലും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭിക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
കർണാടക സർക്കാർ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് റായ റെഡ്ഡി, പ്രിയങ്ക് ഖർഗെ, ശരൺ പ്രകാശ് പാട്ടീൽ, മധു ബംഗാരപ്പ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പരീക്ഷാ സുതാര്യത, ഫീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങൾ, സിലബസ്, വിദ്യാർഥികളുടെ മാനസിക ആരോഗ്യം എന്നിവയാണ് ഈ സമിതി പരിശോധിക്കുന്നത്.
രാജസ്ഥാൻ സർക്കാരും സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സി.ജെ.പി പ്രതിനിധികൾ ജയ്പൂരിലെ സ്കൂളുകൾ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ തീരുമാനങ്ങൾ ഉണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ യുവജനങ്ങളുടെയും കുട്ടികളുടെയും ഈ കൂട്ടായ്മക്ക് സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.