ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിച്ച ഡൽഹി മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. ഇന്ത്യാ ഗേറ്റിൽ നിന്ന് ജയ് സിങ് റോഡിലെ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ചിനാണ് സുരക്ഷാ കാരണങ്ങളും നിരോധനാജ്ഞയും ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്.
നീറ്റ് പരീക്ഷാർത്ഥികളുടെ ആത്മഹത്യ, പൊലീസ് അതിക്രമങ്ങൾ, വിദ്യാർഥികളുടെയും യുവാക്കളുടെയും വിഷയങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് സി.ജെ.പി മാർച്ചും പ്രതിഷേധവും പ്രഖ്യാപിച്ചത്. 2.5 കിലോമീറ്റർ ദൈർഘ്യമുള്ള മാർച്ചിൽ വിവിധ വിദ്യാർത്ഥി-യുവജന സംഘടനകളും ഇരകളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.
എന്നാൽ, മുൻകൂർ അനുമതിയോടെ ജന്തർ മന്തറിന് സമീപം മാത്രമായി പ്രതിഷേധങ്ങൾ നടത്തുവാൻ അനുവാദമുള്ളൂവെന്നാണ് പൊലീസ് നിലപാട്. അനുമതിക്കായി ഇതുവരെ ഔദ്യോഗികമായി അപേക്ഷ ലഭിച്ചിട്ടില്ലെന്നും, അപേക്ഷ ലഭിച്ചാൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും പോലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.
ജൂലൈ 25-ന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിലും പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കെതിരെ എടുത്ത എഫ്.ഐ.ആറുകൾ പിൻവലിക്കാത്തതിലും പ്രതിഷേധിച്ചാണ് സി.ജെ.പി രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്. വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ നൽകാൻ ഓഗസ്റ്റ് 18-ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സി.ജെ.പി ആരോപിച്ചു.
പ്രതിഷേധ സാധ്യത മുൻനിർത്തി തലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാനും മാർച്ചിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും ഡൽഹി പൊലീസ് മേധാവി ഇന്റലിജൻസ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.