ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെയും വിശ്വാസ്യതയെയും കുറിച്ച് വോട്ടർമാരുടെ മനസ്സിൽ ഉയർന്നുവന്ന സംശയങ്ങൾ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്ന് ശശി തരൂർ. വിഷയത്തിൽ ‘ഇൻഡ്യ’ മുന്നണി എം.പിമാരുടെ പ്രതിഷേധം കത്തവെയാണ് കോൺഗ്രസ് എം.പിയുടെ പ്രസ്താവന. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂർ രാഹുലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം: ‘ഇന്ന് ഇൻഡ്യാ ബ്ലോക്ക് എം.പിമാരുടെ പ്രതിഷേധത്തിലാണ്. സത്യപ്രതിജ്ഞ, സത്യവാങ്മൂലം തുടങ്ങിയ ഔപചാരികതകൾ പാലിക്കാൻ നിർബന്ധിക്കുന്നതിനുപകരം രാഹുൽ ഗാന്ധി ഉന്നയിച്ച ഗൗരവമേറിയ ചോദ്യങ്ങൾക്ക് ഗൗരവമേറിയ ഉത്തരങ്ങൾ നൽകാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന് കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് ഞങ്ങൾ എല്ലാവരും ചോദിക്കുന്നത്. (ഉദ്ധരിച്ചിരിക്കുന്ന ഡാറ്റയെല്ലാം ഇ.സിയുടെ സ്വന്തം ഡാറ്റയാണെങ്കിൽ).
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെയും വിശ്വാസ്യതയെയും കുറിച്ച് വോട്ടർമാരുടെ മനസ്സിൽ ഉയർന്നുവന്ന സംശയങ്ങൾ ദൂരീകരിക്കേണ്ടത് കമീഷന്റെ കടമയാണ്. ചൂണ്ടിക്കാണിക്കപ്പെട്ട പിഴവുകൾ എളുപ്പത്തിൽ പരിഹരിക്കാനും വോട്ടർ പട്ടികയിൽ കൃത്രിമത്വം ഉണ്ടാകുമെന്ന ഭയത്തിന് ശമനം നൽകാനും കഴിയുന്ന ഉത്തരങ്ങൾ നൽകാൻ കഴിയണം. യഥാർത്ഥത്തിൽ രാഷ്ട്രത്തിന് ഒരു പ്രതികരണത്തിന് അർഹതയുണ്ട്’.
Full View
വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഇൻഡ്യ സഖ്യം രാവിലെ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ പങ്കെടുത്തവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇത് ഒരു രാഷ്ട്രീയ സമരമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നുമായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്. മാർച്ച് തടഞ്ഞതിനെ തുടർന്ന് എം.പിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.
പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളിൽ നിന്നുള്ള വനിത എം.പിമാരായ മഹുവ മൊയ്ത്രും മിതാലി ബാഗും റോഡിൽ കുഴഞ്ഞുവീണു. രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ വനിത എം.പിമാരെ ആശുപത്രിയിലേക്ക് മാറ്റി. സയാനി ഘോഷും പ്രിയ സരോജും ഒപ്പമുണ്ടായിരുന്നു.
പൊലീസ് തടഞ്ഞതിന് പിന്നാലെ അഖിലേഷ് യാദവ് അടക്കം ചില എം.പിമാർ ബാരിക്കേഡ് മറികടന്ന് മറുവശത്തെത്തി. പ്രതിഷേധ മാർച്ച് അവസാനിപ്പിക്കാൻ തയാറാകാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ പൊലീസ് കൈയ്യേറ്റം ചെയ്തെന്ന് വനിതാ എം.പിമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.