ബംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായത് ദാരുണ സംഭവമാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ നമ്മൾ അത്ര പോരെന്നും അദ്ദേഹം വിമർശിച്ചു. ബുധനാഴ്ച വൈകീട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
‘ദാരുണമായ ദുരന്തമാണ്. ജനക്കൂട്ടത്തിന്‍റെ ആവേശത്തിന്റെയും ആരവത്തിന്റെയും ഏറ്റവും സങ്കടകരമായ കാര്യം, മേളകളിലായാലും ഉത്സവങ്ങളിലായാലും, മതപരമായ ഒത്തുചേരലുകളിലായാലും, ഇതുപോലുള്ള സാഹചര്യങ്ങളിലായാലും ക്രിക്കറ്റ് ആഘോഷത്തിലായാലും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ നമ്മൾ അത്ര മികച്ചവരല്ല എന്നതാണ്. അനാവശ്യമായ മരണങ്ങൾ നമ്മളെ അതിയായി വേദനിപ്പിക്കും. എന്റെ ഹൃദയം അവരുടെ കുടുംബങ്ങൾക്കൊപ്പമാണ്, അതിലപ്പുറം എനിക്ക് പറയാനാകില്ല’ -തരൂർ പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവും സർക്കാർ വഹിക്കും. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമിന് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. 35,000 പേർക്ക് മാത്രം കയറാവുന്ന സ്റ്റേഡിയമാണ്. എന്നാൽ, വിജയം ആഘോഷിക്കാനായി രണ്ടു ലക്ഷത്തിലധികം ആരാധകർ എത്തിയത്. സുരക്ഷ ബാരിക്കേഡുകൾ മറികടന്ന് ആൾക്കൂട്ടം സ്റ്റേഡിയത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി. ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കിൽ നിലത്തു വീണ പലർക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.