സൊലാപൂർ: സ്ത്രീ-പുരുഷാനുപാതത്തിലുണ്ടായ വൻ കുറവ് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിൽ അവിവാഹിതരായ പുരുഷൻമാർ വധുവിനെ തേടി മാർച്ച് നടത്തി. മഹാരാഷ്ട്രയിലെ സൊലാപൂരിലാണ് സംഭവം.
ജ്യോതി ക്രാന്തി പരിഷത് എന്ന സംഘടനയാണ് ‘വര സംഘം’ സംഘടിപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി. കൂടാതെ വര സംഘത്തിന്റെ മാർച്ചിൽ പങ്കെടുത്ത പുരുഷൻമാർക്ക് സർക്കാർ ഇടപെട്ട് വധുവിനെ കണ്ടെത്തി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
നിരവധി പേർ വിവാഹ വസ്ത്രത്തിൽ കുതിരപ്പുറത്ത്കയറി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് കലക്ടറുടെ ഓഫീസിൽ എത്തി വധുവിനെ ആവശ്യമുണ്ടെന്ന് അറിയിച്ചത്.
പലരും ഈ മാർച്ചിനെ പരിഹസിക്കുന്നു. എന്നാൽ യാഥാർഥ്യമെന്തെന്നാൽ, വിവാഹപ്രായമെത്തിയ പുരുഷൻമാർക്ക് വധുവില്ല. സംസ്ഥാനത്തെ സ്ത്രീ പുരുഷ അനുപാതത്തിലുള്ള വൻ വ്യത്യാസമാണ് ഇതിനു കാരണം - മാർച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത് സ്ഥാപകൻ രമേശ് ഭാസ്കർ പറഞ്ഞു. മഹാരാഷ്ട്രയിൽ 1000 പുരുഷൻമാർക്ക് 889 സ്ത്രീകൾ എന്നതാണ് അനുപാതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുപാതത്തിലെ ഇൗ അന്തരം പെൺഭ്രൂണഹത്യ വർധിക്കുന്നതുമൂലമാണ്. സർക്കാറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.