അതിശക്തമായ ഇടിമിന്നലും കാറ്റും; ഡൽഹിയിൽ അതീവ ജാഗ്രതാനിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും. വെള്ളിയാഴ്ച രാത്രി വൈകി ഡൽഹി-എൻസിആർ മേഖലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലും, ചിലയിടങ്ങളിൽ പരമാവധി 100 കിലോമീറ്റർ വേഗതയിലും വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്.

രാത്രി 11 മണിയോടെ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിർദേശത്തിൽ ഡൽഹിക്ക് പുറമെ ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവയും ഉൾപ്പെടുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അർദ്ധരാത്രിയോടെ ഡൽഹിയിലെ പാലം മേഖലയിൽ മണിക്കൂറിൽ 76 കിലോമീറ്റർ വേഗതയിലാണ് കാറ്റ് രേഖപ്പെടുത്തിയത്. നാരായണ, പ്രഗതി മൈതാൻ എന്നിവിടങ്ങളിൽ 52 കി.മീ, സഫ്ദർജംഗിൽ 44 കി.മീ, ജാഫർപൂരിൽ 43 കി.മീ, ജനക്പുരിയിൽ 31 കി.മീ എന്നിങ്ങനെയാണ് കാറ്റിന്റെ വേഗത രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാന നഗരിയിൽ 21 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കാറ്റിന്റെ വേഗതയായ 120 കിലോമീറ്റർ രേഖപ്പെടുത്തിയിരുന്നു.

ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ (നോയിഡ), മീററ്റ്, ബാഗ്പത്, ഹാപ്പൂർ, ബുലന്ദ്ഷഹർ, അലിഗഡ്, മഥുര, ഹാഥ്റസ്, ആഗ്ര എന്നീ ജില്ലകളിലും ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. കാറ്റിനൊപ്പം കനത്ത ഇടിമിന്നലും ശക്തമായ മഴയും ഈ പ്രദേശങ്ങളിൽ ഉണ്ടാകുമെന്നാണ് ലഖ്നോവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

കൊടുങ്കാറ്റും പൊടിക്കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, ഇലക്ട്രിക് പോസ്റ്റുകളിൽ നിന്നും താൽക്കാലിക നിർമിതികളിൽ നിന്നും മാറിനിൽക്കണം, അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

പഞ്ചാബിൽ നിന്ന് ഹരിയാന വഴി ദേശീയ തലസ്ഥാന മേഖലയിലേക്ക് എത്തിയ ശക്തമായ കാറ്റിനെത്തുടർന്ന് ഡൽഹിയിൽ താപനില കുത്തനെ കുറഞ്ഞിരുന്നു. കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസമേകി മഴയെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ആശങ്ക ഉയർത്തി കനത്ത കൊടുങ്കാറ്റ് വീശിയടിക്കുന്നത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കനത്ത കാറ്റിനും താപനിലയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്കും കാരണം അന്തരീക്ഷത്തിലെ ശക്തമായ സംവഹന പ്രക്രിയയാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

Tags:    
News Summary - Severe thunderstorm batters Delhi-NCR; IMD issues red alert, warns of 100 kmph gusts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.