ഒരുമിച്ചു സഞ്ചരിച്ച ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ ആൾക്കൂട്ട ആക്രമണം; പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം, പ്രതിഷേധത്തെ തുടർന്ന് കേസെടുത്ത് പൊലീസ്

പട്ന: ബീഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി. കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ ആൺകുട്ടിയും പെൺകുട്ടിയുമാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. കോച്ചിങ് ക്ലാസിന് ശേഷം സഹപാഠിയായ ആൺകുട്ടിക്കൊപ്പം സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ജാമുയി സദർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവാക്കളുടെ സംഘം തടഞ്ഞുവെച്ചത്. സെപ്റ്റംബർ 19-ന് വൈകുന്നേരമാണ് സംഭവം നടന്നന്ന്.

ആൺകുട്ടിയെ മർദ്ദിക്കുകയും ഒരു സംഘം ആളുകൾ പെൺകുട്ടിയെ വളയുകയും പേരും വിലാസവും ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെൺകുട്ടിയോട് മോശമായി പെരുമാറുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി വീഡിയോകളിൽ കാണാം.

നാട്ടുകാർ ഇടപെട്ട് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ വീണ്ടും അതിക്രമം തുടരുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം ഈ ഉപദ്രവം നീണ്ടുനിന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ രണ്ട് വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിലൊന്ന് അക്രമികളിലൊരാൾ തന്നെ പകർത്തിയതാണെന്ന് കരുതപ്പെടുന്നു.

ഇരകളായ കുട്ടികളും കുടുംബാംഗങ്ങളും ഭയം മൂലവും നാണക്കേട് ഭയന്നും ആദ്യം പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ വീഡിയോ പ്രചരിച്ചതോടെ ജാമുയി പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കുട്ടികളെ കണ്ടെത്തിയ പോലീസ്, നഗർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

വീഡിയോയിലെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജാമുയി എസ്.പി വിശ്വജിത്ത് ദയാൽ അറിയിച്ചു. എഫ്.ഐ.ആറിൽ ആരുടെയും പേര് നിലവിൽ പരാമർശിച്ചിട്ടില്ലെങ്കിലും, പ്രധാന പ്രതികളെ ഉടൻ പിടികൂടുമെന്നും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags:    
News Summary - mob attack against students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.