പി.വി.ആറിൽ സിനിമ ടിക്കറ്റ് ലഭിക്കാൻ യു.പി.ഐ തന്നെ വേണം; കൈയിൽ ഉണ്ടായിരുന്ന പണം സ്വീകരിച്ചില്ല, അഭിഭാഷകൻ നിയമ നടപടിക്ക്
ഗാന്ധിനഗർ: അഹമ്മദാബാദിലെ പലേഡിയം മാളിലുള്ള പി.വി.ആർ ഐനോക്സ് തിയറ്ററിൽവെച്ച് പെയ്മന്‍റ് പണമായി നൽകാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ അത് സ്വീകരിക്കാൻ തയാറാകാത്തതിനെ തുടർന്ന് മൾട്ടിപ്ലക്സ് ശൃംഖലക്ക് എതിരെ ഔദ്യോഗികമായി വക്കീൽ നോട്ടീസ് അയച്ച് അഭിഭാഷകൻ. സെപ്റ്റംബർ 13-ന് സിനിമ കാണാൻ എത്തിയ ഉത്കർഷ് ദാവെ എന്ന അഭിഭാഷകനാണ് ഈ അനുഭവം ഉണ്ടായത്. സിനിമ ടിക്കറ്റെടുക്കാനോ ഭക്ഷണസാധനങ്ങൾ വാങ്ങാനോ നേരിട്ട് പണം നൽകാൻ ചെന്നപ്പോൾ ഡിജിറ്റൽ പേയ്‌മെന്റ് അഥവാ യു.പി.ഐ വഴി മാത്രമേ പണം സ്വീകരിക്കാൻ കഴിയൂ എന്ന് ജീവനക്കാർ നിർബന്ധിക്കുകയായിരുന്നു. ഡിജിറ്റൽ സൗകര്യങ്ങളോ സ്മാർട്ട്‌ഫോണോ ഇല്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കളെ ഇത് എങ്ങനെ ബാധിക്കുമെന്ന വലിയൊരു ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1934-ലെ സെക്ഷൻ 26(1) പ്രകാരം ആർ.ബി.ഐ പുറത്തിറക്കുന്ന കറൻസി നോട്ടുകൾ രാജ്യത്തെ നിയമപരമായ അംഗീകൃത നാണയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ നോട്ടീസ് അയച്ചിരിക്കുന്നത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ഒരു വ്യാപാര സ്ഥാപനം മുൻകൂട്ടി യാതൊരു മുന്നറിയിപ്പും നൽകാതെ പണം സ്വീകരിക്കുന്നത് പൂർണ്ണമായി തടയുന്നത് എന്ത് നിയമപരമായ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പണം സ്വീകരിക്കാത്ത പോളിസി സ്ഥാപനം നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ അത് ടിക്കറ്റ് കൗണ്ടറുകളിൽ മുൻകൂട്ടി വ്യക്തമായി പ്രദർശിപ്പിക്കേണ്ടതല്ലേ എന്നും തിയറ്ററിനുള്ളിൽ എത്തിയതിന് ശേഷം മാത്രം ഉപഭോക്താക്കൾ ഈ പ്രതിസന്ധി അറിയുന്നത് ന്യായമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം റിസർവ് ബാങ്കിന്റെ കറൻസി നോട്ടുകൾ നിയമപരമായ അംഗീകൃത നാണയമാണെങ്കിലും എല്ലാ സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും എല്ലാ ഇടപാടുകൾക്കും പണം സ്വീകരിക്കാൻ നിയമപരമായി ബാധ്യസ്ഥരല്ലെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. ബാധകമായ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ട് സേവനങ്ങൾ നൽകുന്നതിനുള്ള നിബന്ധനകൾ തീരുമാനിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പോലെ ഫിസിക്കൽ ബിസിനസ്സുകൾക്കും മുൻകൂട്ടി വ്യക്തമായ അറിയിപ്പ് നൽകിക്കൊണ്ട് കാഷ്‌ലെസ് പോളിസി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്കിലും ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഉപഭോക്താക്കൾക്ക് സേവനം പൂർണ്ണമായി നിഷേധിക്കുന്ന സമീപനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.