രാജസ്ഥാനിൽ 18 കൗൺസിലർമാരെ തട്ടിക്കൊണ്ടുപോയെന്ന്; സംഭവം മുനിസിപ്പൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്
രാജസ്ഥാനിൽ 18 കൗൺസിലർമാരെ തട്ടിക്കൊണ്ടുപോയതായി പരാതി; സംഭവം മുനിസിപ്പൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയ്പൂർ: രാജസ്ഥാനിലെ തിജാര മുനിസിപ്പൽ കൗൺസിലിലെ 18 കൗൺസിലർമാരെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണെന്നാണ് ആരോപണം. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്ന് നടക്കുന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഹിമാചൽ പ്രദേശിൽനിന്ന് മടങ്ങവേ ഹരിയാനയിൽവെച്ചാണ് ഇവരെ കാണാതായത്. അതേസമയം, ഹിമാചൽ പ്രദേശിൽനിന്ന് ഹരിയാന വഴി മടങ്ങിയ തങ്ങളുടെ കൗൺസിലർമാരെ ഹരിയാന പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഇതോടെ രാഷ്ട്രീയ വിവാദവും ശക്തമായി.
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഏറെ നിർണായകമായതിനാൽ ഈ കൗൺസിലർമാർ എല്ലാവരും ഹിമാചൽ പ്രദേശിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഹരിയാനയിലെ പഞ്ചകുള ജില്ലയിലെ ചാന്ദിമന്ദിർ-സൂരജ്പൂർ ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചായിരുന്നു നടപടിയെന്നും പോലീസ് വാഹനത്തിലാണ് കൗൺസിലർമാരെ കൊണ്ടുപോയതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ആരോപണത്തിന് പിന്നാലെ പിഞ്ചോർ പൊലീസ് സ്റ്റേഷന് മുന്നിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൗൺസിലർമാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.
തിജാര മുനിസിപ്പൽ കൗൺസിലിലെ തങ്ങളുടെ സ്ഥാനാർത്ഥിക്ക് 19 കൗൺസിലർമാരുടെ പിന്തുണയുണ്ടെന്നും അവരെ ഹിമാചൽ പ്രദേശിലേക്ക് ഒരു യാത്രയ്ക്ക് കൊണ്ടുപോയതായിരുന്നു എന്നും കോൺഗ്രസ് നേതാവും കൽക്ക മണ്ഡലത്തിലെ മുൻ എം.എൽ.എയുമായ പ്രദീപ് ചൗധരി പറഞ്ഞു. അവർ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം രാത്രി രാജസ്ഥാനിലേക്ക് മടങ്ങിവരവേ, പിഞ്ചോറിലെ ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ച് വാഹനങ്ങൾ തടയുകയും നിർബന്ധപൂർവ്വം പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു എന്ന് പ്രദീപ് ആരോപിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യാൻ താല്പര്യപ്പെടുകയും ചെയ്ത കൗൺസിലർമാരെ അതിൽനിന്ന് തടയുകയാണെന്നും പ്രദീപ് പറഞ്ഞു.
അതേസമയം, സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് ആരോപണം ഹരിയാന പോലീസ് നിഷേധിച്ചു. കൗൺസിലർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് എ.സി.പി രാംകുമാർ പറഞ്ഞു. 35 വാർഡുകളുള്ള തിജാര മുനിസിപ്പൽ കൗൺസിലിൽ 31 ഇടത്തും വിജയിച്ചത് സ്വതന്ത്രരാണ്. ബി.ജെ.പിക്ക് മൂന്ന് സീറ്റിലും കോൺഗ്രസിന് ഒരു സീറ്റിലുമാണ് ജയിക്കാനായത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത് ഒരംഗം മാത്രമാണെങ്കിലും 18 സ്വതന്ത്രർ തങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.