ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീംകോടതി നടപടിയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി.
കൊലപാതകവും ബലാത്സംഗവുമടക്കമുള്ള കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാമിന് 14 തവണ ജാമ്യം നൽകുകയും അഞ്ച് വർഷത്തിലേറെയായി വിചാരണ പോലും ആരംഭിക്കാത്ത കേസിൽ ഉമർ ഖാലിദിന് സുപ്രീംകോടതി ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെന്നും രാജ്ദീപ് സർദേശായ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
'ഉമർ ഖാലിദിന് ജാമ്യമില്ലെന്ന് സുപ്രിംകോടതി. യുഎപിഎ നിയമപ്രകാരം വ്യക്തിസ്വാതന്ത്ര്യമില്ല. അഞ്ച് വർഷത്തിലേറെയായിട്ടും വിചാരണ പോലും തുടങ്ങിയിട്ടില്ല എന്ന വസ്തുത നിലനിൽക്കെയാണിത്. അതേസമയം, കൊലപാതകവും ബലാത്സംഗവും ചെയ്ത കുറ്റവാളി റാം റഹീമിന് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നു. ഇതിന് മുമ്പ് തന്നെ, 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം 14 തവണയാണ് ഈ വിഐപി കുറ്റവാളി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ''- രാജ്ദീപ് സർദേശായ് എക്‌സിൽ കുറിച്ചു.
ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമാണ് ജാമ്യം നിഷേധിച്ചത്. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് അടക്കമുള്ളവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, അഞ്ജാരിയ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വർഷത്തിന് ശേഷം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്, ഡിസംബർ 11ന് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഉമർ ഖാലിദിന് ഇടക്കാല ആശ്വാസം അനുവദിച്ചത്.
ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവർക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ കൂടി പരിഗണിച്ചാണ് ജാമ്യം തള്ളിയത്. ഇരുവർക്കും ജാമ്യം നൽകരുതെന്ന് ഡൽഹി പൊലീസും കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. കർശന വ്യവസ്ഥകളോടെയാണ് കേസിൽ മറ്റ് അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. 12 വ്യവസ്ഥകളാണ് ഇതുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.