യാത്രക്കാരുടെ ഡേറ്റ വിൽക്കൽ; നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ

ന്യൂഡൽഹി: യാത്രക്കാരുടെയും ചരക്ക് കടത്തുകാരുടെയും വ്യക്തി വിവരങ്ങൾ വിറ്റ് പണമുണ്ടാക്കാനുള്ള നീക്കത്തിൽനിന്ന് താൽക്കാലികമായി പിന്മാറി റെയിൽവേക്ക് കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി). ഇതിന്‍റെ ഭാഗമായി വിവരശേഖരത്തിന്‍റെ കൈമാറ്റം നടപ്പാക്കാൻ കൺസൽട്ടന്‍റിനെ ക്ഷണിച്ചുള്ള ടെൻഡർ ഐ.ആർ.സി.ടി.സി പിൻവലിച്ചു. വ്യക്തിവിവരങ്ങൾ സ്വകാര്യ, സർക്കാർ കമ്പനികൾക്ക് വിറ്റ് പ്രതിവർഷം 1000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

വ്യക്തിവിവരങ്ങൾ വിൽക്കാനുള്ള നടപടി സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക സംഘടനകളും സമൂഹ മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ശശി തരൂർ എം.പി അധ്യക്ഷനായ ഐ.ടികാര്യ പാർലമെന്‍ററി സമിതി വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ഐ.ആർ.സി.ടി.സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ടെൻഡർ പിൻവലിച്ചത്. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച ഡേറ്റ സംരക്ഷണ ബിൽ പാസായതിനുശേഷം തുടർനടപടി സ്വീകരിക്കാനാണ് ഐ.ആർ.സി.ടി.സി തീരുമാനം. ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുമ്പോൾ നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, ആധാർ വിവരങ്ങൾ, വിലാസം, വയസ്സ്, യാത്രക്കാരുടെ എണ്ണം, ക്ലാസ് തുടങ്ങിയ വിവരങ്ങൾ, ടിക്കറ്റിനായി പണമടച്ച രീതി, അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ തുടങ്ങി വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ടെൻഡർ ലഭിക്കുന്ന കമ്പനികൾക്ക് ലഭ്യമാവുമെന്നും വലിയ സാധ്യതകളാണ് ഇതിലൂടെ തുറക്കുക എന്നും ടെൻഡർ രേഖയിൽ പറഞ്ഞിരുന്നു.

റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം ഐ.ആർ.സി.ടി.സിയുടെ കുത്തകയാണ്. പ്രതിദിനം 11.4 ലക്ഷം പേരാണ് ഐ.ആർ.സി.ടി.സി വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. മുൻ വർഷങ്ങളിൽ ടിക്കറ്റ് എടുത്തവരുടേതടക്കം വലിയ ഡേറ്റ ബാങ്കാണ് ഐ.ആർ.സി.ടി.സിക്കുള്ളത്. 

Tags:    
News Summary - Selling passenger data; Railways withdrew from the move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.