പ്രതീകാത്മക ചിത്രം

വിവാഹമോചനം: പങ്കാളിയുടെ ഫോൺ രഹസ്യമായി റെക്കോഡ് ചെയ്തത് തെളിവാക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി ഉത്തരവ് റദ്ദാക്കുന്നതാണ് സുപ്രീംകോടതിയുടെ നടപടി.

രഹസ്യമായി റെക്കോഡ് ചെയ്യുന്ന പങ്കാളിയുടെ ടെലിഫോൺ സംഭാഷണങ്ങൾ വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈകോടതി വിധിച്ചിരുന്നു. ഇന്ത്യൻ തെളിവ് നിയമത്തിലെ 122-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചാബ് ഹരിയാന ഹൈകോടതി ഉത്തരവ്. ഇങ്ങനെ റെക്കോഡ് ചെയ്യുന്നത് വ്യക്തികളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര്യതാ ലംഘനവും ആണെന്നും തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഹൈകോടതി വിധി.

എന്നാൽ മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റിനിർത്താനാകില്ലെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ രഹസ്യമായി റെക്കോഡ് ചെയ്ത, പങ്കാളിയുടെ ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുന്നു.

രഹസ്യമായി റെക്കോഡ് ചെയ്യുന്ന പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കുന്നത് ഗാർഹിക ഐക്യത്തെ തകർക്കുമെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിൽ പരസ്പരം സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത വർധിപ്പിക്കുമെന്നുമുള്ള വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞു. തെളിവുകൾ അവതരിപ്പിക്കുന്നതിൽ കക്ഷികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, സ്വകാര്യതാ ലംഘനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും കോടതി വിധി വഴിതുറന്നിട്ടുണ്ട്.

Tags:    
News Summary - Secretly Recorded Telephonic Conversation Of Spouse Admissible Evidence In Matrimonial Cases : Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.