പാറ്റകളുടെ ജന്തർമന്തർ 2.0 നാളെ; തടയാൻ ‘യുദ്ധ’ സന്നാഹവുമായി പൊലീസ്

ന്യൂഡൽഹി: നീറ്റ് ചോർച്ചയിൽ ധർമേന്ദ്ര പ്രധാനെ താഴെയിറക്കിയ പാറ്റകൾ (സി.ജെ.പി) വോട്ടുകൊള്ളയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച രണ്ടാം ജന്തർമന്തർ സമരം നാളെ. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം നേരിടുന്നതിൽ വിയർക്കുന്ന കേന്ദ്ര സർക്കാർ ഡൽഹിയിലേക്ക് പാറ്റകൾ കൂടി എത്തുന്നതോടെ കൂടുതൽ പ്രതിരോധത്തിലാകും.

കേവലം ഒരു ദിവസത്തെ ധർണയിൽ സമരം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജന്തർ മന്തറിൽ തുടർച്ചയായ പ്രക്ഷോഭത്തിന് തയാറെടുത്ത് ബാഗുകൾ പാക്ക് ചെയ്തു വരണമെന്നുമാണ് സി.ജെ.പിയുടെ ആഹ്വാനം. ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ആം ആദ്മി പാർട്ടി തുടങ്ങിയ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കൽ ജന്തർമന്തറിൽ സമരത്തിന് സി.ജെ.പിക്ക് അവസരം കൊടുത്തതാണ് ധർമേന്ദ്ര പ്രധാന്റെ വിക്കറ്റ് തെറിപ്പിച്ചതിലേക്ക് നയിച്ചത്. ഒരവസരംകൂടി കൊടുത്താൽ ഗ്യാനേഷ് കുമാറിനെയും കൊണ്ടേ പോകൂ എന്ന് സർക്കാറിന് നന്നായി അറിയാം. അതുകൊണ്ട് ജന്തർമന്തറിലേക്ക് എത്താനുള്ള എല്ലാ മാർഗങ്ങളും അടച്ചുതുടങ്ങി.

ഡൽഹി ഇതുവരെ കാണാത്ത ക്രമീകരണമാണ് സജ്ജമാകുന്നത്. ജമ്മു-കശ്മീരിൽ നിന്നും ഛത്തിസ്ഗഢിലെ നക്സൽ ബാധിത മേഖലകളിൽ നിന്നും അമർനാഥ് യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച സംഘങ്ങളിൽ നിന്നും വരെ പിൻവലിച്ച 23,000 സി.ആർ.പി.എഫ് ജവാന്മാരെ ഡൽഹിയിൽ വിന്യസിച്ചിരിക്കുകയാണ്. ജന്തർ മന്തറിന് ചുറ്റും നിരോധനാജ്ഞയുണ്ട്. ഇവിടേക്കുള്ള മിക്ക പാതകളിലും മറുവശം കാണാത്ത രീതിയിൽ ബാരിക്കേഡുകൾ ഉയർന്നു. കണ്ണീർവാതക ഷെല്ലുകളും ജലപീരങ്കികളും സജ്ജമാണ്.

വിദ്യാർഥികൾ താമസിക്കുന്ന പി.ജി ഹോസ്റ്റലുകളിലും യൂനിവേഴ്സിറ്റികളിലും നേരിട്ടെത്തി പൊലീസ് ലഘുലേഖകൾ നൽകുകയും, സമരത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കും കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഡൽഹിയിലേക്കുള്ള ബസ്, ട്രെയിൻ ബുക്കിങ്ങും പൊലീസ് വിശദമായി തന്നെ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

പ്രക്ഷോഭത്തിന് മുന്നോടിയായി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ രാജ്യവ്യാപകമായി കരുതൽ തടങ്കലും പൊലീസ് സമ്മർദവും നടക്കുകയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. എത്ര പേരെ തടഞ്ഞുവെച്ചാലും അതിലും ഇരട്ടി ആളുകൾ ശനിയാഴ്ച സമരരംഗത്തേക്ക് ഇറങ്ങുമെന്നും സർക്കാറിന്റെ ഭയപ്പെടുത്തൽ തന്ത്രങ്ങൾ കൊണ്ട് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി സമർപ്പിച്ച നിവേദനത്തിൽ സമരത്തിന് മുൻകൂർ അനുമതി നൽകാൻ പൊലീസ് തയാറായിട്ടില്ല.

ജന്തർമന്തറിൽ പ്രതിഷേധം; ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വോട്ടുകൊള്ളയിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരായ ഹരജി ഡൽഹി ഹൈകോടതി ഇന്ന് പരിഗണിക്കും. സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും പൊലീസിന് പ്രതിഷേധങ്ങൾ പൂർണമായി നിരോധിക്കാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസാണ് ഹരജി നൽകിയത്. സെപ്റ്റംബർ 25ന് അനുമതി തേടി അപേക്ഷ നൽകിയിട്ടും ഒക്ടോബർ ഒന്നിനാണ് പൊലീസ് അപേക്ഷ തള്ളിയതെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Second Jantar Mantar protest tomorrow by CJP seeking Gyanesh Kumar resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.