മൂന്നാംദിനം സമരോർജമായി ഗാന്ധി; വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചെങ്കിലും അനങ്ങിയില്ല

ന്യൂഡൽഹി: വോട്ടുകൊള്ളക്കെതിരെ തുടർച്ചയായ മൂന്നാം ദിനവും ഡൽഹിയിൽ ഇൻഡ്യ സഖ്യ എം.പിമാരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് കമീഷനിലേക്കും ജന്തർമന്തറിലേക്കും നടത്തിയ മാർച്ചുകൾ പൊലീസ് തടഞ്ഞതിന് പിന്നാലെ, വോട്ടുകൊള്ള പ്രതിഷേധം സ്വാതന്ത്ര്യസമരത്തിന് സമാനമായ മാനം കൊണ്ടുവരാൻ ഗാന്ധി സ്മൃതിയായ രാജ്ഘട്ടിലേക്ക് നേതാക്കൾ നയിച്ചു.

മൂന്നോടെ കൊണാട്ട് പ്ലേസിൽനിന്ന് പ്രവർത്തകരുടെ അകമ്പടിയോടെ രാജ്ഘട്ടിലേക്ക് എത്തിയ എം.പിമാർ പുഷ്പാർച്ചന നടത്തുകയും പ്രാർഥിക്കുകയും ചെയ്തു. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചെങ്കിലും തടയുന്നതടക്കമുള്ള നടപടികൾ മൂന്നാം ദിനം ഉണ്ടായില്ല.

മഹാത്മാഗാന്ധി അടക്കമുള്ളവർ രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യവും പൗരന്മാരുടെ വോട്ടവകാശവുമാണ് കേന്ദ്രം കവർന്നെടുക്കുന്നതെന്നും അത് വീണ്ടെടുക്കാൻ രാജ്ഘട്ടിലേക്ക് പോവുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഇൻഡ്യ സഖ്യ ചെയർമാൻ മല്ലികാർജുൻ ഖാർഗെ മൂന്നാം ദിവസത്തെ സസ്പെൻസ് സമരം എന്താണെന്ന് വെളിപ്പെടുത്തിയത്. വ്യാഴാഴ്ചയും ഡൽഹിയിലെ പ്രധാന കേന്ദ്രമായ കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ പ്രതിപക്ഷ എം.പിമാരുടെ ഉച്ചഭക്ഷണ വിരുന്നിന് പിന്നാലെയാണ് അപ്രതീക്ഷിത സമരത്തിലേക്ക് കടന്നത്.

യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകർ ഇവിടേക്ക് ഒഴുകിയെത്തി. മൂന്നോടെ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കക്ഷിനേതാക്കളായ തൃണമൂൽ നേതാവ് അഭിഷേക് ബാനർജി, സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസ്, സി.പി.ഐയുടെ പി. സന്തോഷ് കുമാർ, മുസ്‍ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീർ, സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി അടക്കമുള്ള നേതാക്കൾ അണിനിരന്ന് മാധ്യമങ്ങളെ കണ്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തങ്ങളെ തടഞ്ഞുവെന്നും രാജ്ഘട്ടിലേക്ക് മാർച്ച് നടത്തുമ്പോൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണട്ടെയെന്നും രാഹുൽ വെല്ലുവിളിച്ചു. തുടർന്ന് മൂന്ന് ബസുകളിലായി കയറിയ എം.പിമാർ രാജ്ഘട്ട് ലക്ഷ്യമാക്കി നീങ്ങി. അഞ്ചോടെ രാജ്ഘട്ടിൽ എത്തി. എം.പിമാരെയും കൂടെയുണ്ടായിരുന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരെയും മാത്രമാണ് കടത്തിവിട്ടത്.

ഇത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളിനും കാരണമായി. എൻ.എസ്.യു.ഐ പ്രവർത്തകർ രാജ്ഘട്ടിലേക്കുള്ള വഴിയിലുള്ള മതിലുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് പ്രധാനമന്ത്രിക്കും തെരഞ്ഞെടുപ്പ് കമീഷനും ആർ.എസ്.എസിനുമെതിരെ മുദ്രാവാക്യങ്ങൾ എഴുതി.

ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പട്നയിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിലും രാജസ്ഥാനിലെ ജയ്പൂരിലും തെലങ്കാനയിലെ ഹൈദരാബാദിലും ഇൻഡ്യ സഖ്യകക്ഷികൾ തെരുവിലിറങ്ങി പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ഡൽഹിയിൽ വെള്ളിയാഴ്ചയും പ്രതിഷേധമുണ്ടാകുമെന്ന് എം.പിമാർ സൂചന നൽകി. 

Tags:    
News Summary - India Bloc third day of protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.