മുംബൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിൽ ഇരുപക്ഷത്തും സീറ്റുവിഭജന ചർച്ചകൾ പൂർത്തിയായില്ല. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയെ (എം.എൻ.എസ്) ഒപ്പംകൂട്ടാനുള്ള തിരക്കിട്ട ചർച്ചയിലാണ് ഭരണപക്ഷമായ ശിവസേന (ഷിൻഡെ), എൻ.സി.പി (അജിത്), ബി.ജെ.പി സഖ്യ മഹായൂത്തി. ഡൽഹിയിൽ അമിത് ഷാ-രാജ് താക്കറെ ചർച്ചയോടെ ധാരണയായെങ്കിലും സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ഒരു സീറ്റ് നൽകാൻ ബി.ജെ.പി തയാറാണ്. എന്നാൽ, മകൻ അമിത് താക്കറെക്കുൾപ്പെടെ മൂന്നു സീറ്റുകളാണ് രാജിന്റെ ആവശ്യം. മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളിലെ മറാത്തി, ഹിന്ദുത്വ വോട്ടുകളാണ് ഇവരിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. രാജുമായുള്ള ചർച്ചകളിൽ അജിത് പക്ഷമില്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, പങ്കജ മുണ്ടെ ഉൾപ്പെടെ 20 പേരുടെ സ്ഥാനാർഥിപ്പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചെങ്കിലും സഖ്യങ്ങൾക്കുള്ള സീറ്റ് വിഭജനം നീളുന്നു.
പ്രതിപക്ഷത്ത് മഹാ വികാസ് അഘാഡിയുമായി (എം.വി.എ) പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) വിലപേശൽ തുടരുകയാണ്. നാലു സീറ്റ് നൽകാൻ എം.വി.എ തയാറാണ്. എന്നാൽ, പ്രകാശിന് ആറു സീറ്റ് വേണം. അതേസമയം, 20 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് റിപ്പോർട്ട്. 2019ൽ ബി.ജെ.പി 23, ശിവസേന 18, എൻ.സി.പി നാല്, കോൺഗ്രസ് ഒന്ന്, ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി) ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയായിരുന്നു വിജയം. അതേസമയം, മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകൾ പ്രണതി ഷിൻഡെ (സോലാപുർ ), മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരൻ ഛത്രപതി സാഹു മഹാരാജ് (കോലാപുർ ) അടക്കം ഏഴു സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
സാഹു മഹാരാജ് ആരുടെ സ്ഥാനാർഥിയാകണമെന്നതിൽ കോൺഗ്രസ്-ഉദ്ധവ് പക്ഷ ശിവസേനക്കുമിടയിൽ തർക്കമുണ്ട്. രാഷ്ട്രീയരംഗത്തില്ലെങ്കിലും പാർട്ടിയോട് ആഭിമുഖ്യമുള്ളതിനാൽ കോൺഗ്രസ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും തർക്കം തുടരുന്നു. ഉദ്ധവ് താക്കറെ അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തു.
നിലവിൽ സിറ്റിംഗ് എം.എൽ.എയായ വികാസ് താക്കറയെ നാഗ്പുരിൽ ബിജെപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.