‘ഒരു രഹസ്യരേഖകളും മുദ്രവെച്ച കവറുകളും ഇവിടെ എടുക്കുന്നില്ല’; കേന്ദ്രത്തിന് ചീഫ് ജസ്റ്റിസിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: കോടതിയിൽ മുദ്രവച്ച കവറിൽ രേഖകൾ സമർപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. മുദ്രവെച്ച കവർ ഏര്‍പ്പാട് അവസാനിപ്പിക്കാൻ പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഒരു റാങ്ക്, ഒരു പെൻഷൻ'(ഒ.ആർ.ഒ.പി) കേസിലുള്ള ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷവിമർശനം.

‘ഒരു രഹസ്യരേഖകളും മുദ്രവെച്ച കവറുകളും ഇവിടെ എടുക്കുന്നില്ല. വ്യക്തിപരമായി ഞാൻ ഇതിനെതിരാണ്. കോടതിയിൽ സുതാര്യത വേണം. ഉത്തരവുകൾ നടപ്പാക്കുന്ന വിഷയമാണിത്. അവിടെ എന്തിനാണ് രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്’?-കേന്ദ്ര അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

പെൻഷൻ വിഷയത്തിലെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം മുദ്രവെച്ച കവറിൽ സമർപ്പിക്കാനായിരുന്നു എ.ജിയുടെ ശ്രമം. എന്നാൽ, ഇത് സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. തുറന്നുവായിക്കാമെങ്കിൽ ആകാം, അല്ലെങ്കിൽ തിരിച്ചുകൊണ്ടുപോകാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

സമ്പൂർണമായും നീതിന്യായ തത്വങ്ങൾക്കെതിരാണ് മുദ്രവെച്ച കവറെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. എന്തെങ്കിലും സ്രോതസ്സ് വെളിപ്പെടുത്തുമ്പോഴോ ആരുടെയെങ്കിലും ജീവൻ അപായപ്പെടുത്തുന്ന ഘട്ടത്തിലോ മാത്രമേ അത്തരമൊരു സംഗതിയെ അവലംബിക്കാവൂ. ഈ പരിപാടി അവസാനിപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമുക്തഭടന്മാർക്ക് ഒ.ആർ.ഒ.പി കുടിശ്ശിക നൽകുന്ന കാര്യത്തിൽ സർക്കാരിനുള്ള ബുദ്ധിമുട്ട് കോടതി കാണുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിലുള്ള തീരുമാനം എന്താണെന്ന് അറിയണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇതോടെ എ.ജി മുദ്രവെച്ച കവർ തുറന്ന് വായിക്കുകയായിരുന്നു.

ഒറ്റയടിക്ക് എല്ലാ തുകയും നൽകാനാകില്ലെന്ന് തുടർന്ന് എ.ജി വ്യക്തമാക്കി. പരിമിതമായ വിഭവമേ കൈയിലുള്ളൂ. ചെലവുകൾ നിയന്ത്രിക്കേണ്ട സ്ഥിതിയുണ്ട്. ഒറ്റയടിക്ക് എല്ലാം വീട്ടാനാകില്ലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയതെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പാർദിവാല എന്നിവരാണ് ഒ.ആർ.ഒ.പി വിഷയത്തിലുള്ള വിമുക്ത ഭടന്മാരുടെ ഹരജി പരിഗണിക്കുന്നത്.

Tags:    
News Summary - 'Sealed Cover Procedure Fundamentally Against Judicial Process, Want To End It'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.