ഹിന്ദു, സിഖ്, ബുദ്ധമതം ഉപേക്ഷിച്ചാൽ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് പട്ടികജാതി (SC) പദവിയോ, പട്ടികജാതി-പട്ടികവർഗ നിയമപ്രകാരമുള്ള സംരക്ഷണമോ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി.

ക്രിസ്തുമതത്തിലേക്കോ മറ്റ് മതങ്ങളിലേക്കോ പരിവർത്തനം ചെയ്യുകയും ആ മതം പിന്തുടരുകയും ചെയ്യുന്ന ഒരാൾക്ക് പട്ടികജാതി അംഗമായി തുടരാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്രാപ്രദേശ് ഹൈകോടതിയുടെ മുൻ വിധി ശരിവെച്ചത്.

ആന്ധ്രാപ്രദേശിലെ ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ ഹരജിയിലാണ് ഈ വിധി. ഗ്രാമത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയിരുന്ന തനിക്കും കുടുംബത്തിനുമെതിരെ ജാതീയമായ അധിക്ഷേപങ്ങളും വധഭീഷണിയും ഉണ്ടായെന്ന് കാട്ടി അദ്ദേഹം എസ്‌.സി/എസ്.ടി നിയമപ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരൻ ക്രിസ്തുമതത്തിലേക്ക് മാറുകയും പാസ്റ്ററായി ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ എസ്‌.സി പദവിക്ക് അർഹനല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഭരണഘടനാ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. മറ്റ് മതങ്ങളിലേക്കുള്ള പരിവർത്തനം എസ്‌.സി പദവി നഷ്ടപ്പെടാൻ കാരണമാകുമെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ കൈവശം എസ്‌.സി സർട്ടിഫിക്കറ്റ് ഉണ്ടെന്നത് മാത്രം പദവി തെളിയിക്കാൻ പര്യാപ്തമല്ല. മതം മാറിയതോടെ ജാതി വിവേചനങ്ങൾ ഇല്ലാത്ത വിഭാഗത്തിന്റെ ഭാഗമായതിനാൽ പഴയ പദവി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഹരജിക്കാരൻ പത്ത് വർഷത്തിലേറെയായി പാസ്റ്ററായി പ്രവർത്തിക്കുന്നുണ്ടെന്നും സംഭവദിവസം വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിക്കുകയോ പഴയ സമുദായത്തിലേക്ക് തിരികെ വരികയോ ചെയ്തിട്ടില്ലാത്തതിനാൽ എസ്‌.സി/എസ്.ടി നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്ന് കോടതി ഉത്തരവിട്ടു.

ഭരണഘടനാപരമായ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും മതപരമായ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന നിയമപരമായ നിലപാട് ഈ വിധി വീണ്ടും ഉറപ്പിക്കുന്നു. പട്ടികജാതി പദവി നിർണ്ണയിക്കുന്നതിൽ മതപരിവർത്തനം ഒരു നിർണ്ണായക ഘടകമാണെന്ന് സുപ്രീംകോടതി അടിവരയിട്ടു.

Tags:    
News Summary - SC status will not remain if Hindu, Sikh, Buddhists abandon religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.