15 ജില്ലകളിലായി 50 ലക്ഷം പേര് ദുരിതത്തിൽ; ബിഹാറിനെ പിടിച്ചുലച്ച് പ്രളയക്കെടുതി

പട്‌ന: ബിഹാറിലെ വിവിധ ജില്ലകളിൽ പ്രളയക്കെടുതി ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ 15 ജില്ലകളിലെ 576 ഗ്രാമപഞ്ചായത്തുകളിലായി 50.49 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. ഗംഗ, കോസി ഉൾപ്പെടെയുള്ള പ്രധാന നദികൾ പലയിടങ്ങളിലും അപകടരേഖയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നതെന്ന് ദുരന്തനിവാരണ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തലസ്ഥാനമായ പട്‌നയ്ക്ക് പുറമെ ഭോജ്പൂർ, സരൺ, വൈശാലി, ഭാഗൽപൂർ, ബെഗുസരായി, ബക്‌സർ, സമസ്തിപൂർ, മുൻഗർ, കതിഹാർ, ലഖിസരായി, ഖഗാരിയ, പൂർണിയ, മാധേപുര, അർവാൽ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ചത്. കോസി നദി ബൽതാര, കുർസേല എന്നിവിടങ്ങളിലും, ഗംഗാനദി കഹൽഗാവിൽ അപകട നിലയ്ക്ക് മുകളിലുമാണ് ഒഴുകുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.

പ്രളയബാധിതർക്കായി ദുരന്തനിവാരണ വിഭാഗം ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 7,714 പേർക്ക് ഇതിനകം അഭയമൊരുക്കിയിട്ടുണ്ട്. ഇവർക്ക് ഭക്ഷണവും അടിയന്തര വൈദ്യസഹായവും ക്യാമ്പുകളിൽ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മൂന്ന് കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഇതുവരെ 1.96 കോടിയോളം ഭക്ഷണപ്പൊതികൾ ദുരിതബാധിതർക്ക് നൽകിയതായും അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്.) എട്ട് സംഘങ്ങളെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്.ഡി.ആർ.എഫ്) 27 സംഘങ്ങളെയുമാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. 391 ബോട്ടുകൾ ഉപയോഗിച്ചാണ് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ജൂൺ ഒന്നിന് ശേഷം സംസ്ഥാനത്ത് 661.9 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 29 ശതമാനം കുറവാണെങ്കിലും, കനത്ത മഴവെള്ളപ്പാച്ചിലും നദികളിലെ ജലനിരപ്പുയർന്നതും സ്ഥിതി വഷളാക്കുകയായിരുന്നു. സെപ്റ്റംബർ 23 മുതൽ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.

Tags:    
News Summary - Over 50 Lakh Affected as Bihar Flood Crisis Worsens; Ganga and Kosi Breach Danger Marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.