2,100 ലധികം മുസ്‌ലിം ആരാധനാലയങ്ങളും സ്വത്തുക്കളും തകർത്തു; ‘ബുൾഡോസർ രാജി’ന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയിലുടനീളം 2,100-ലധികം മുസ്‌ലിം ആരാധനാലയങ്ങളും മദ്രസകളും ദർഗകളും മറ്റ് സമുദായ സ്വത്തുക്കളും സർക്കാർ നേതൃത്വത്തിലുള്ള ഒഴിപ്പിക്കലുകളിലും ബുൾഡോസർ നടപടികളിലും തകർക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തതായി റിപ്പോർട്ട്. വാർത്താ മാധ്യമമായ 'മില്ലത്ത് ടൈംസ്' തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നത്. 2020 മുതൽ 2026 വരെയുള്ള കാലയളവിൽ സർക്കാർ പ്രസ്താവനകൾ, കോടതി രേഖകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവ ക്രോഡീകരിച്ച് തയ്യാറാക്കിയ പട്ടികയിൽ കുറഞ്ഞത് 2,166 സംഭവങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി ഇത്തരം ബുൾഡോസർ നടപടികൾ അരങ്ങേറിയത്. മുൻസിപ്പാലിറ്റികൾ, ജില്ലാ ഭരണകൂടങ്ങൾ, വികസന അതോറിറ്റികൾ, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കലുകൾ നടന്നത്. അനധികൃത കയ്യേറ്റം, അനുമതിയില്ലാത്ത നിർമാണം, സർക്കാർ-വനഭൂമി കൈയേറൽ, റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് ഭരണകൂടങ്ങൾ ഇത്തരം നടപടികളെ പ്രധാനമായും ന്യായീകരിക്കുന്നത്. പലയിടങ്ങളിലും മുസ്‌ലിം സംഘടനകളും പ്രദേശവാസികളും നിയമപോരാട്ടം നടത്തിയെങ്കിലും പലതും പൊളിച്ചുനീക്കപ്പെടുകയായിരുന്നു.
ഏറ്റവും കൂടുതൽ ആരാധനാലയങ്ങൾ പൊളിച്ചുനീക്കപ്പെട്ടത് ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലാണ്. 2025 ജൂലൈ വരെയുള്ള സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തുടനീളം 538 മുസ്‌ലിം മസാറുകളാണ് (ദർഗകൾ) നീക്കം ചെയ്തത്. വനഭൂമി കയ്യേറ്റം ആരോപിച്ച് നൂറുകണക്കിന് ആരാധനാലയങ്ങൾ നേരത്തെയും അവിടെ പൊളിച്ചിരുന്നു. മറ്റൊരു ബി.ജെ.പി ഭരണ സംസ്ഥാനമായ ഗുജറാത്തിൽ കയ്യേറ്റ വിരുദ്ധ ഡ്രൈവിന്റെ ഭാഗമായി 108 മസാറുകൾ പൊളിച്ചുനീക്കിയതായി ആഭ്യന്തര മന്ത്രി ഹർഷ് സംഘവി 2024-ൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 2024-ൽ തന്നെ ഗിർ സോമനാഥിൽ ഒൻപത് പള്ളികളും ദർഗകളും പൊളിച്ചുനീക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്തിരുന്നു.
പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പല മുസ്‌ലിം പള്ളികളും ഈ ആറ് വർഷത്തിനിടെ മണ്ണടിഞ്ഞു. 2021-ൽ ഉത്തർപ്രദേശിലെ ബാരബങ്കിയിലെ ഗരീബ് നവാസ് പള്ളി, 2024-ൽ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ അഖൂൻജി പള്ളിയും സമീപത്തെ മദ്രസയും, 2025-ൽ യു.പിയിലെ സീതാപൂരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി, അസമിലെ 128 വർഷം പഴക്കമുള്ള ചൗഖോവ ജുമാമസ്ജിദ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2026-ലും ബുൾഡോസർ നടപടികൾ തുടർക്കഥയാവുകയാണ്. ഏറ്റവും ഒടുവിൽ, സെപ്റ്റംബർ 5-ന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ച ചരിത്രപ്രസിദ്ധമായ കളക്ടറേറ്റ് പള്ളിയും ഒഴിപ്പിക്കൽ തർക്കത്തെ തുടർന്ന് ഭരണകൂടം പൊളിച്ചുനീക്കി. അതേസമയം, 2020-ലെ ഡൽഹി കലാപത്തിനിടെ തീവ്രഹിന്ദുത്വ ആൾക്കൂട്ടങ്ങൾ തീവെച്ച് നശിപ്പിച്ച 17-ലധികം പള്ളികളും മദ്രസകളും അടക്കമുള്ള സംഭവങ്ങളെ പൂർണമായും ഒഴിവാക്കി, ഭരണകൂടം നേരിട്ട് നടത്തിയ ബുൾഡോസർ നടപടികൾ മാത്രമാണ് ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.