ജന്തർ മന്തറിൽ മാധ്യമപ്രവർത്തകരെ തിരിച്ചറിയാൻ പ്രയാസമെന്ന് സുപ്രീം കോടതി; ഇൻഫ്ലുവൻസർമാരെ വേർതിരിക്കുന്നത് പരിശോധിക്കും
ന്യൂഡൽഹി: അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെയും മാധ്യമപ്രവർത്തകരാണെന്ന് അവകാശപ്പെടുന്ന മറ്റുള്ളവരെയും തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണെന്ന് സുപ്രീം കോടതി. എല്ലാവരും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ താൻ മാധ്യമപ്രവർത്തകനാണെന്ന് അവകാശപ്പെടുമ്പോഴാണ് ബുദ്ധിമുട്ടെന്നും കോടതി പറഞ്ഞു. വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന ആരോപണം ഗൗരവമുള്ളതാണെന്നും എങ്ങനെ അന്വേഷിക്കണമെന്ന് പരിശോധിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
ഒക്ടോബർ 10, 11 ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണവും അറസ്റ്റുമുണ്ടായി എന്ന ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരും ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നവരും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിലെ വെല്ലുവിളിയും ബെഞ്ച് ചൂണ്ടിക്കാട്ടി. അംഗീകൃത മാധ്യമപ്രവർത്തകർക്ക് ബാധകമാകേണ്ട വ്യത്യസ്ത തരത്തിലുള്ള സംരക്ഷണവും ഇൻഫ്ലുവൻസർമാരിൽ നിന്ന് അവരെ എങ്ങനെ വേർതിരിക്കാം എന്നതും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, വനിത മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി എടുക്കരുതെന്ന് കോടതി കേന്ദ്രത്തിനും ഡൽഹി പൊലീസിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. ഒരു വനിതാ മാധ്യമപ്രവർത്തകയെ ഡൽഹി പൊലീസിലെ ഒരു പുരുഷ ഉദ്യോഗസ്ഥൻ ക്രൂരമായി ആക്രമിച്ചതായി ഹരജിക്കാർക്ക് വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ചൂണ്ടികാണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
ആരോപണങ്ങൾ പരിശോധിക്കാൻ മുൻ വനിതാ ജഡ്ജിമാരും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ജയ്സിംഗ് നിർദേശിച്ചു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പറഞ്ഞ ബെഞ്ച് എന്നാൽ ഹരജിയിൽ പേരെടുത്ത് പറഞ്ഞിരിക്കുന്ന പ്രത്യേക ഇരയിൽ മാത്രമായി ഈ കേസ് പരിമിതപ്പെടുത്തുമെന്ന് വ്യക്തമാക്കി. ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ ആരോപണങ്ങളുണ്ടെന്നും സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.