എം കെ സ്റ്റാലിൻ, തോൽ തിരുമാവളവൻ


'സ്റ്റാലിന്റെ തോൽവിക്ക് പിന്നിൽ എസ്.ഐ.ആർ ഗൂഢാലോചന; മണ്ഡലം മാറാൻ ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു': തിരുമാവളവൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് വോട്ടർപട്ടികയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) അട്ടിമറി മൂലമാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി വി.സി.കെ അധ്യക്ഷൻ തോൽ തിരുമാവളവൻ എം.പി. സ്റ്റാലിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കൊളത്തൂരിൽ നിന്ന് മാറി മറ്റ് ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കണമെന്നും തെരഞ്ഞെടുപ്പിന് മുൻപ് താൻ സ്റ്റാലിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നതായും തിരുമാവളവൻ വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈ എഗ്‌മോറിൽ പ്രതിപക്ഷ 'ഇൻഡ്യ' മുന്നണി സംഘടിപ്പിച്ച സംയുക്ത പ്രക്ഷോഭത്തിൽ സംസാരിക്കവെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തൽ. കൊളത്തൂർ മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് സ്റ്റാലിൻ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്.

തെരഞ്ഞെടുപ്പിന് മുൻപ് നടന്ന സംഭവങ്ങൾ തിരുമാവളവൻ വിശദീകരിച്ചത് ഇങ്ങനെ:

"സ്റ്റാലിനെ തോൽപ്പിക്കാൻ കൊളത്തൂരിൽ അണിയറനീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒരാൾ തെരഞ്ഞെടുപ്പിന് മുൻപ് എന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാൻ ആ വ്യക്തിയെ അന്നത്തെ മന്ത്രി പി.കെ. ശേഖർബാബുവുമായി സംസാരിപ്പിച്ചു. തുടർന്ന് ഞാൻ നേരിട്ട് സ്റ്റാലിന്റെ അടുത്തെത്തി; 'അണ്ണാ, കൊളത്തൂരിൽ എന്തോ പ്രശ്നമുണ്ട്, അങ്ങ് മറ്റേതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതല്ലേ നല്ലത്?' എന്ന് ചോദിച്ചു. എന്നാൽ, എസ്.ഐ.ആർ പ്രക്രിയകൾ കൃത്യമായാണ് നടക്കുന്നതെന്നും യാതൊരു പ്രശ്നവുമില്ലെന്നുമായിരുന്നു ശേഖർബാബു സ്റ്റാലിന് നൽകിയ ഉറപ്പ്. ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനാണ് ഞാൻ ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നത്."

— തിരുമാവളവൻ പറഞ്ഞു.

ഒരു ലക്ഷത്തോളം വോട്ടുകൾ വെട്ടി; ലക്ഷ്യമിട്ടത് പ്രതിപക്ഷ നേതാക്കളെ

കൊളത്തൂർ മണ്ഡലത്തിൽ മാത്രം ഏകദേശം ഒരു ലക്ഷത്തോളം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ മണ്ഡലത്തിൽ മരണപ്പെട്ട വോട്ടർമാരുടെ എണ്ണം 20,000 മാത്രമായിരുന്നുവെന്ന് തിരുമാവളവൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലൊട്ടാകെ 97 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ ഇത്തരത്തിൽ വെട്ടിനിരത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു.

"തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ ഞാൻ പറഞ്ഞതാണ്, അവർ സ്വയം തോറ്റതല്ല, മറിച്ച് കൃത്രിമത്തിലൂടെ അവരെ തോൽപ്പിക്കുകയായിരുന്നു എന്ന്. എം.കെ. സ്റ്റാലിൻ, മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, പിണറായി വിജയൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയാണ് ഈ വോട്ട് വെട്ടിനിരത്തലിലൂടെ ലക്ഷ്യമിട്ടത്," അദ്ദേഹം ആരോപിച്ചു.

'ഇൻഡ്യ' മുന്നണിയിൽ പുതുതായി ചേർന്ന തമിഴ്‌നാട് ഭരണകക്ഷിയായ ടി.വി.കെയും സമരത്തിൽ സജീവമായി പങ്കെടുത്തു. അധികാരം ലഭിക്കുന്നതിന് മുൻപ് തന്നെ ബിഹാറിൽ എസ്.ഐ.ആർ നടപ്പിലാക്കിയപ്പോൾ മുതൽ ടി.വി.കെ ഇതിനെ എതിർക്കുന്നുണ്ടെന്ന് തമിഴ്‌നാട് വാർത്താവിതരണ-വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ പറഞ്ഞു. തമിഴ്‌നാട്ടിൽ 97 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിനെതിരെ പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും, വോട്ടവകാശം എന്നത് ഓരോ പൗരന്റെയും ജീവിക്കാനുള്ള അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം 13.43 കോടി വോട്ടർമാരെ ഒഴിവാക്കിയെന്ന് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ ആരോപിച്ചു. സി.ഇ.സി ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖവും, ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യവും സംരക്ഷിക്കാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും വ്യക്തമാക്കി.

Tags:    
News Summary - 'SIR Voter Deletion Caused Stalin's Defeat in Kolathur': Thol Thirumavalavan's Shocking Revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.