30കാരിക്ക് 75കാരൻ വരൻ; വിവാഹം സ്ഥിരീകരിച്ച് ഇൻഫ്ലുവൻസറും യു.പി സ്വദേശിയും

ലഖ്‌നോ: പ്രണയത്തിന് കണ്ണും മൂക്കും പ്രായവു​മില്ലെന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽനിന്ന് വരുന്നത്. 75കാരനായ വയോധികനും 30കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് വിവാഹിതരാകാൻ ഒരുങ്ങുന്നത്. ഇരു കുടുംബങ്ങളും വിവാഹ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സഹറിലെ അരിയരി ഗ്രാമവാസിയായ റാം സുഘറും, സദർ കൊത്വാളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദയൽപൂർ സ്വദേശിനിയായ റീന രാജ്പുത്തുമാണ് ഔറയ്യയിലെ ഒരു ബ്യൂട്ടി പാർലറിൽ ഏകദേശം ഒരാഴ്ച മുമ്പ് മോതിരം മാറി വിവാഹനിശ്ചയം നടത്തിയത്.

നവരാത്രി ആഘോഷങ്ങൾക്ക് ശേഷം വിവാഹം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വിവാഹത്തിനാണ് കുടുംബങ്ങൾ തയ്യാറെടുക്കുന്നത്. എങ്കിലും വിവാഹത്തിന്റെ കൃത്യമായ തീയതി ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷമായി റീന റാം സുഘറിന്റെ വീട്ടിൽ പതിവായി എത്താറുണ്ടായിരുന്നുവെന്നും ഇതിലൂടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ആഴമേറിയതായി മാറിയതെന്നും റാം സുഘർ വ്യക്തമാക്കി. ഏഴ് വർഷം മുമ്പ് റാം സുഘറിന്റെ ഭാര്യ അന്തരിച്ചിരുന്നു.

റാം സുഘറിന്റെ മകളും യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററുമായ രാധയുടെ അഭിപ്രായത്തിൽ, റീന സ്ഥിരമായി തങ്ങളുടെ വീട്ടിൽ വരികയും തങ്ങളോടൊപ്പം വീഡിയോ കണ്ടന്റുകൾ നിർമിക്കുന്നതിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. കാലക്രമേണ റീനയും റാം സുഘറും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു.

45 വർഷത്തെ പ്രായവ്യത്യാസത്തിൽ തനിക്ക് യാതൊരു അസൗകര്യവുമില്ലെന്നും വിവാഹ തീരുമാനത്തിൽ സന്തോഷവതിയാണെന്നും റീന പ്രതികരിച്ചു. പ്രണയത്തിൽ പ്രായം ഒരു പ്രശ്നമല്ലെന്നും ഇരുവരും പുതിയൊരു ജീവിതം ആരംഭിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഇവരുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിട്ടുള്ളത്. പ്രായത്തിന് അതീതമായ സ്നേഹത്തിന്റെ ഉദാഹരണമായാണ് ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഓൺലൈൻ ജനപ്രീതിയും കാഴ്ചക്കാരെയും കൂട്ടാൻ വേണ്ടി മാത്രമുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിതെന്നാണ് മറ്റു ചിലരുടെ വിമർശനം.

Tags:    
News Summary - 75-Year-Old Man To Marry 30-Year-Old Influencer; UP Couple Confirms Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.