ന്യുഡൽഹി: മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന് സുപ്രീംകോടതി മൂന്നുലക്ഷം രൂപ പിഴ ചുമത്തി. വിചാരണ കോടതിക്കെതിരെ ആവർത്തിച്ച് ഹരജികൾ നൽകിയതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ നടപടി. ഭട്ടിന്റെ മൂന്ന് ഹരജികളും സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
മൂന്നു ഹരജികളിലും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. പിഴ തുക ഗുജറാത്ത് ഹൈകോടതി അഭിഭാഷക ക്ഷേമനിധിയിലേക്ക് അടക്കണം. നിലവിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനാൽ,
മുതിർന്ന അഡീഷനൽ സെഷൻസ് ജഡ്ജി ബനസ്കന്തയുടെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതാണ് ഹരജികളിലൊന്ന്. വിചാരണ കോടതി നടപടികൾ ഓഡിയോ-വിഡിയോ റെക്കോർഡ് ചെയ്യാൻ അനുവദിക്കണമെന്നഭ്യർഥിച്ചാണ് രണ്ടാമത്തെ ഹരജി നൽകിയത്. കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മൂന്നാമത്തെ ഹരജി.
ഒരുതവണയെങ്കിലും സുപ്രീംകോടതിയിൽ പോയിട്ടുണ്ടോ എന്ന് ജസ്റ്റിസ് വിക്രം നാഥ് സഞ്ജീവ് ഭട്ടിനോട് ചോദിച്ചു. മുതിർന്ന അഭിഭാഷകനായ ദേവദത്ത് കാമത്താണ് ഭട്ടിന് വേണ്ടി ഹാജരായത്.
2018 സെപ്റ്റംബർ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും മുഖ്യവിമർശകനായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണ് നടന്നതെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ബി.ജെ.പി സർക്കാർ സഞ്ജീവ് ഭട്ടിനെ വേട്ടയാടാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.