മുംബൈയിൽ സൗദി ടൂറിസം അതോറിറ്റിയുടെ റോഡ്ഷോ ഉദ്ഘാടനം ചെയ്യാനെത്തിയ സൗദി ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ടൂർ ഓപറേറ്റർമാരുമായി പരിചയപ്പെടുന്നു
മുംബൈ: സൗദി അറേബ്യൻ സംസ്കൃതിയെയും ഇസ്ലാമിക പാരമ്പര്യത്തെയും അടുത്തറിയാൻ വിപുലീകരിച്ച ഉംറ തീർഥാടന പദ്ധതി പരിചയപ്പെടുത്തി സൗദി സർക്കാറിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ‘നുസുക്’ റോഡ്ഷോ നടത്തി. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ, ‘നുസുക്’ പ്രസിഡന്റ് (ഏഷ്യ-പസഫിക്) അൽഹസൻ അൽദബ്ബാഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച റോഡ്ഷോ. 2030 ഓടെ ഇന്ത്യ പ്രധാന സന്ദർശക വിപണിയായി മാറുമെന്ന പ്രതീക്ഷയിലാണ് സൗദി സർക്കാർ.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി 1400 ഓളം സ്വകാര്യ ഹജ്ജ്, ഉംറ ട്രാവൽസ് പ്രതിനിധികൾ പങ്കെടുത്തു. സൗദിയുടെ ‘വിഷൻ 2030’ നയമനുസരിച്ച് ഇവർക്ക് സാധ്യതകളും പാക്കേജുകളും വിശദീകരിച്ച് സൗദിയിലെ ഹോട്ടൽ, ഗതാഗത കമ്പനികളുടെയും ടൂർ ഓപറേറ്റർമാരുടെയും മറ്റ് സേവന ദാതാക്കളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉംറ തീർഥാടകരുടെ എണ്ണം ഉയർത്താൻ സ്വകാര്യ മേഖലയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യ സൗദിയുടെ മുഖ്യ ടൂറിസം ഉറവിട വിപണിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും 2030ഓടെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 75 ലക്ഷമായി ഉയർത്താനാകും വിധം പ്രധാന ഇന്ത്യൻ വ്യാപാരികളുമായി ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അൽ ഹസൻ അൽ ദബ്ബാഗ് പറഞ്ഞു. രാജ്യത്തെ പ്രമുഖ ടൂർ ഓപറേറ്റർമാരുമായുള്ള സൗദിയുടെ ധാരണപത്രം അൽ ഹസൻ അൽ ദബ്ബാഗ് കൈമാറി. 11.8 ലക്ഷം ഇന്ത്യക്കാരാണ് ഇത്തവണ സൗദി സന്ദർശിച്ചതെന്നും സന്ദർശകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. വൈകാതെ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മദീനയിലേക്ക് വിമാന സർവിസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മക്ക, മദീന സന്ദർശനങ്ങളിൽ മാത്രം പരിമിതമായ 28 ദിവസത്തെ വിസയാണ് ഉംറ തീർഥാടകർക്ക് നൽകിയിരുന്നത്. അത് സൗദി അറേബ്യയിൽ എവിടെയും സന്ദർശിക്കാനുള്ള അനുമതിയോടെ 90 ദിവസത്തെ വിസയാക്കി ഉയർത്തിയിട്ടുണ്ട്. ഇസ്ലാമിക പാരമ്പര്യങ്ങൾ സന്ദർശകർക്ക് അടുത്തറിയാനാകുംവിധം പ്രവാചകൻ ഹിജ്റ പുറപ്പെട്ട സൗർ ഗുഹ, ഹിറ ഗുഹ, ഖുർആൻ രേഖപ്പെടുത്തപ്പെട്ടത്, ക്രോഡീകരിക്കപ്പെട്ടത് തുടങ്ങിയവയടക്കം വ്യക്തമാക്കുന്ന ഹിറ കൾചറൽ ഡിസ്ട്രിക്ട് എക്സിബിഷൻ സെന്റർ, മദീനയിലെ അസ്സഫിയ മ്യൂസിയം, അൽഉല ഹെറിറ്റേജ് നഗരം, ചെങ്കടൽ എന്നിവയുണ്ട്. ഉംറ, ഹജ്ജ് ടൂർ ഓപറേറ്റർമാരുടെ സഹായമില്ലാതെയും തീർഥാടകർക്ക് ഓൺലൈൻവഴി ഇവ ഉപയോഗപ്പെടുത്താമെന്ന് ‘നുസുക്’ സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.