മുംബൈ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തഹാവൂർ റാണയെ തൂക്കിലേറ്റുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. റാണയെ തിരിച്ചെത്തിക്കുന്നതിനായി 16 വർഷമായി നിയമപോരാട്ടം നടക്കുന്നു. അത് തുടങ്ങിവെച്ചത് കോൺഗ്രസ് ഭരണകാലത്താണ്. അതുകൊണ്ട് റാണയെ കൊണ്ടു വന്നതിന്റെ ക്രെഡിറ്റ് ആർക്കും എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യത്ത് നിന്ന് ഇന്ത്യയിലെത്തിക്കുന്ന ആദ്യത്തെ കുറ്റവാളിയല്ല റാണ. 1993ൽ സ്ഫോടന കേസ് പ്രതി അബു സലീമിനേയും ഇത്തരത്തിൽ ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട്. നീരവ് മോദിയേയും മെഹുൽ ചോക്സിയേയും ഈ രീതിയിൽ ഇന്ത്യയിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചത്. എൻ.ഐ.എ അഭിഭാഷകരും കോടതിയിലെത്തി. റാണക്ക് വേണ്ടി ഡൽഹി ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെ, ഇന്ത്യയിലെത്തിച്ച ശേഷമുള്ള റാണയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു.
വ്യാഴാഴ്ച വൈകീട്ട് 6.30നാണ് യു.എസിൽനിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡൽഹി പാലത്തെ സൈനിക വിമാനത്താവളത്തിലെത്തിയത്. റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് വ്യാഴാഴ്ച ഡൽഹിയിൽ ഒരുക്കിയിരുന്നത്. ആദ്യം വ്യാഴാഴ്ച രാവിലെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധിയായതോടെ യാത്ര വൈകുകയായിരുന്നുവെന്ന് സുരക്ഷാ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.