ഫഡ്നാവിസിനെ വാനോളം പുകഴ്ത്തി ശിവസേന മുഖപത്രം; ഷിൻഡെ തികഞ്ഞ പരാജയവും അഴിമതിക്കാരനുമാണെന്നും വിമർശനം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ വീണ്ടും പുകഴ്ത്തി ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രമായ സാമ്ന. രണ്ടുമാസത്തിനിടെ രണ്ടാംതവണയാണ് സാമ്ന ഫഡ്നാവിസിനെ പുകഴ്ത്തിയത്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഫഡ്നാവിസും തമ്മിലുള്ള ബന്ധം നാൾക്കു നാൾ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ശിവസേന മുഖപത്രം രംഗത്ത്‍വന്നത് എന്നതും ശ്രദ്ധേയം.

അഴിമതിക്കെതിരെ ഫഡ്നാവിസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അത് അഭിനന്ദനാർഹമാണെന്നുമായിരുന്നു മുഖപ്രസംഗത്തിൽ സൂചിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാർ പേഴ്സനൽ സ്റ്റാഫിനെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കരുതെന്ന ഫഡ്നാവിസിന്റെ നിർദേശമാണ് മുഖപ്രസംഗത്തിലെ പ്രശംസക്ക് കാരണം. അതിനിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെകൊട്ടാനും പത്രം മറന്നില്ല. അഴിമതിക്കെതി​രായ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പോരാട്ടം ഷിൻഡെ വിഭാഗത്തെ കുലുക്കിയെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.

ഷിൻഡെ നയിച്ച മുൻ സർക്കാറിന്റെ കാലത്ത്, ഫിക്സർമാരെയും ബ്രോക്കർമാരെയും വളർത്തിയെടുത്തിരുന്നുവെന്നും അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുവെന്നും സാമ്നെ വിമർശിച്ചു. മഹാരാഷ്ട്രയിൽ അഴിമതി തടയുന്നതിനുള്ള ഒരു നടപടിയുമുണ്ടായില്ലെന്നും ഇത് കടുത്ത സാമ്പത്തിക ദുരുപയോഗത്തിനും ഷിൻഡെയുടെ കീഴിൽ രാഷ്ട്രീയത്തിന്റെ തകർച്ചക്കും കാരണമായെന്നും പത്രം ആരോപിക്കുന്നു. 500 കോടി രൂപയുടെ ടെൻഡറിന് 3000 കോടി രൂപയായി. പദ്ധതികൾ തുടങ്ങുന്നതിന് മുമ്പ് തന്നെ അതിൽ 1000 കോടി രൂപ വകമാറ്റി. അതിൽ തന്നെ 100 മുതൽ 200 കോടികൾ ഷിൻഡെയുടെ വിശ്വസ്തർക്ക് വിതരണം ചെയ്യും. അവർ ഈ പണമെല്ലാം പ്രയാഗ് രാജിലെ ഗംഗയിൽ മുങ്ങാനായി ഒഴുക്കി കളയുകയാണ്.-മുഖപ്രസംഗം സൂചിപ്പിച്ചു.

അഴിമതിയിൽ മഹാരാഷ്ട്ര രാഷ്ട്രീയം ചീഞ്ഞളിഞ്ഞു. സാമ്പത്തിക അച്ചടക്കവും ഇല്ലാതായി. അഴിമതി ഇല്ലാതാക്കാൻ ഫഡ്നാവിസ് സ്തുത്യർഹമായ നടപടികളാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ഞങ്ങൾ ഫഡ്നാവിസിനെ അഭിനന്ദിക്കുകയാണ്''-എന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. പേഴ്സനൽ സെക്രട്ടറിമാരെയും മറ്റ് പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള മന്ത്രിമാരുടെ അധികാരം മുഖ്യമന്ത്രി റദ്ദാക്കിയിരിക്കുന്നു. 125 പേരെയാണ് ഇത്തരത്തിൽ നിയമിക്കാൻ മന്ത്രിമാർ ശിപാർശ ചെയ്തത്. അതിൽ 16 പേരുകൾ മുഖ്യമന്ത്രി വെട്ടിയെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. ഷിൻഡെ വിഭാഗം നിർദേശിച്ച 12 പേരെ സ്റ്റാഫ് അംഗങ്ങളായി ഫഡ്നാവിസ് അംഗീകരിച്ചിട്ടില്ല. ഇതാണ് ഫഡ്നാവിസിനെ പ്രശംസിച്ച് മുഖപ്രസംഗമെഴുതാൻ സാമ്നെക്ക് പ്രചോദനമായത്.

അതിനിടെ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തും ഫഡ്നാവിസിനെ പ്രശംസിച്ച് രംഗത്തുവന്നു. ''ഞങ്ങൾ തമ്മിൽ രാഷ്ട്രീയപരമായ ഭിന്നതകളുണ്ടാകാം. എന്നാൽ ചില പ്രത്യേക വിഭാഗം ആളുകളെ പേഴ്സണൽ സെക്രട്ടറിമാരും ഉദ്യോഗരായും നിയമിക്കാനുള്ള നീക്കം തടഞ്ഞ മുഖ്യമന്ത്രിയെ പ്രശംസിക്കുകയാണ്. സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തിയാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനം എടുത്തത്. അതിന് അകമഴിഞ്ഞ പിന്തുണ നൽകുകയാണ്.''-റാവുത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിൽ നക്സൽ ബാധിത പ്രദേശമായ ഗഡ്ചിരോളി ജില്ല സന്ദർശിച്ചതിന് മുഖ്യമന്ത്രിയെ സാമ്ന പ്രശംസിച്ചിരുന്നു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയാണ് മഹായുതി സഖ്യം അധികാരത്തിലേറിയത്. 2024 ഡിസംബർ അഞ്ചിന് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പേ ഷിൻഡെയും ഫഡ്നാവിസും തമ്മിൽ അകൽച്ച തുടങ്ങിയിരുന്നു.

Tags:    
News Summary - Saamana showers praise on CM Devendra Fadnavis again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.