500, 1000 രൂപാ നോട്ടുകള്‍ മൂന്നു ദിവസത്തേക്ക് കൂടി ഉപയോഗിക്കാം

ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു ദിവസത്തേക്ക് നീട്ടി. നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം. റെയില്‍വേ, കെ.എസ്.ആർ.ടി.സി, പെട്രോള്‍ പമ്പുകൾ, പാല്‍ ബൂത്തുകൾ, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍, വിമാനത്താവളങ്ങൾ, ശ്മശാനങ്ങൾ എന്നിവിടങ്ങളിലാണ് ഈ നോട്ടുകൾ സ്വീകരിക്കുക. രാജ്യത്തുടനീളം ദേശീയപാതകളിൽ ടോൾ പിരിവ് നിർത്തലാക്കി കൊണ്ടുള്ള തീരുമാനം നവംബർ 14 വരെ നീട്ടിയിട്ടുണ്ട്. കേന്ദ്ര ഗതാഗത-ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. 

ഒന്നരദിവസത്തിനിടെ എസ്.ബി.ഐയില്‍ നിക്ഷേപിച്ചത് 53,000 കോടി
500, 1000 രൂപയുടെ കറന്‍സികള്‍ സര്‍ക്കാര്‍ അസാധുവാക്കിയശേഷം ഒന്നരദിവസത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ചത് 53,000 കോടി രൂപ. ഇതേസമയത്ത് 1500 കോടി രൂപയുടെ പഴയ കറന്‍സികള്‍ മാറ്റിനല്‍കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയശേഷം ബുധനാഴ്ച ബാങ്കുകള്‍ അവധിയായിരുന്നു. വ്യാഴാഴ്ച മാത്രം 31,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. വെള്ളിയാഴ്ച ഉച്ചവരെ 22,000 കോടി രൂപയും. വെള്ളിയാഴ്ച 750 കോടി രൂപയുടെയും വെള്ളിയാഴ്ച ഉച്ചവരെ 723 കോടി രൂപയുടെയും പഴയ നോട്ടുകളാണ് മാറ്റിനല്‍കിയത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ പകുതിയോളം മാത്രമേ വെള്ളിയാഴ്ച പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചിട്ടുള്ളൂവെന്ന് എസ്.ബി.ഐ ചെയര്‍പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.  29,000 എ.ടി.എമ്മുകളാണ് പ്രവര്‍ത്തനസജ്ജമായത്. 

ബാങ്കുകളില്‍ വെള്ളിയാഴ്ചയത്തെിയത് 4000 കോടിയുടെ അസാധു നോട്ടുകള്‍
സംസ്ഥാനത്തെ 6000 ബാങ്ക് ശാഖകളിലേക്ക് വെള്ളിയാഴ്ച മാത്രം 4000 കോടിയുടെ അസാധു നോട്ടുകളത്തെിയതായി കണക്ക്. അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കലിന് നിയന്ത്രണമില്ലാത്തതിനാല്‍ ഏറെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ എത്തുന്നുണ്ട്. എ.ടി.എമ്മുകള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തനമാരംഭിച്ചതോടെ വ്യാഴാഴ്ചയെ അപേക്ഷിച്ച് വെള്ളിയാഴ്ച ബാങ്കുകളിലെ തിരക്കില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍, എ.ടി.എമ്മുകളില്‍ പണം കുറഞ്ഞതോടെ ആളുകള്‍ ബാങ്കുകളിലേക്ക് തള്ളിക്കയറി. ബാങ്കുകളില്‍ പണം നിക്ഷേപിക്കലിനും ഒപ്പംതന്നെ ചില്ലറ പിന്‍വലിക്കുന്നതിനും ആളുകള്‍ കാത്തുനില്‍ക്കുന്നത് ബാങ്കുകളുടെ മൊത്തം ഇടപാടുകളെ വൈകിപ്പിക്കുന്നുണ്ട്. എ.ടി.എമ്മുകള്‍ കാലിയായ സാഹചര്യത്തില്‍ വിശേഷിച്ചും.  
ബാങ്കുകളില്‍ ചില്ലറക്ക് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ എ.ടി.എമ്മുകളിലും ഇതു പ്രതിഫലിച്ചു. ഇടപാടുകളുടെ വലുപ്പം പരിഗണിച്ച്  ഏഴ് ലക്ഷം മുതല്‍ 19 ലക്ഷം വരെയാണ് വിവിധ ബാങ്കുകളില്‍ വെള്ളിയാഴ്ച ചില്ലറയത്തെിച്ചത്. പക്ഷേ, മിക്കയിടങ്ങളിലും ഇത് ഉച്ചയോടെതന്നെ കഴിഞ്ഞു. നഗരമേഖലയിലെ ബാങ്കുകള്‍ക്കാണ് കൂടുതല്‍ ചില്ലറ ലഭിച്ചത്.

പോസ്റ്റ് ഓഫിസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും
പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനും പോസ്റ്റ് ഓഫിസ് സേവിങ്സ് ഇടപാടുകള്‍ക്കും ഞായറാഴ്ച കേരള തപാല്‍ സര്‍ക്കിളിന് കീഴിലെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളും സബ് പോസ്റ്റ് ഓഫിസുകളും പ്രവര്‍ത്തിക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു. 

ഡിസംബര്‍ 30വരെ മാറ്റിയെടുക്കാവുന്നത് 4000 രൂപ മാത്രം 
അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 30വരെ ഒരു തവണ മാത്രമേ മാറ്റി വാങ്ങാനാകൂ. തുകയുടെ പരിധി 4000 രൂപ വരെയായിരിക്കും. അക്കൗണ്ടില്‍നിന്ന് കൗണ്ടറിലൂടെയുള്ള ഇടപാടില്‍ ദിവസം പരമാവധി പിന്‍വലിക്കാവുന്നത് 10,000 രൂപയും ആഴ്ചയിലെ പരിധി 20,000 രൂപയുമാണ്. അക്കൗണ്ടുകളില്‍നിന്ന് കൗണ്ടറുകളിലൂടെ പിന്‍വലിക്കലിനുള്ള ഈ നിയന്ത്രണങ്ങള്‍ ഈമാസം 24 വരെയുണ്ടാകും. അക്കൗണ്ട് ഉടമകള്‍ക്ക് എ.ടി.എമ്മുകളില്‍നിന്ന് ഈമാസം 18വരെ ദിവസം 2000 രൂപവരെയേ പിന്‍വലിക്കാനാകൂ. 19 മുതല്‍ ദിവസം 4000 രൂപ പിന്‍വലിക്കാം. മറ്റ് ഇടപാടുകള്‍ കൗണ്ടറുകളില്‍ പതിവുപോലെ നടത്താം.

പ്രതിസന്ധിയെന്ന് പമ്പുടമകള്‍
പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കുന്നതിന് മൂന്നുദിവസംകൂടി നീട്ടിനല്‍കിയെങ്കിലും പ്രതിസന്ധി തുടരുമെന്ന് പമ്പുടമകള്‍. പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകളില്‍ വെള്ളിയാഴ്ചവരെ സ്വീകരിക്കാന്‍ മാത്രമാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നത്. ആളുകള്‍ ഈ നോട്ടുകളുമായി പെട്രോള്‍ പമ്പുകളില്‍ എത്തിയത് ജീവനക്കാരെ വെട്ടിലാക്കിയിരിന്നു. ബാക്കി നല്‍കാന്‍ ആവശ്യത്തിന് ചില്ലറ നോട്ടുകളില്ലാത്തതാണ് പ്രശ്നം.

 



 





 

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.