ഏറ്റവുംവലിയ 'മോദി ഭക്തനും' കോവിഡ് ബാധിച്ച് ദാരുണാന്ത്യം; എന്തിന് ഇങ്ങിനൊരു പ്രധാനമന്ത്രിയെന്ന് കുടുംബം
ആഗ്ര: ഏറ്റവുംവലിയ മോദി ഭക്തൻ എന്ന് അഭിമാനിച്ചിരുന്ന 42കാരനും മാതാവിനും കോവിഡ് ബാധിച്ച് ദാരുണാന്ത്യം. ആഗ്ര സ്വദേശി അമിത് ജയ്സ്വാളും മാതാവ് രാജ് കമൽ ജയ്സ്വാളുമാണ് മഥുര ആശുപത്രിയിൽ മരിച്ചത്. കോവിഡ് ബാധിതനായി 10 ദിവസങ്ങൾക്കുശേഷമാണ് അമിത് മരിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാതാവും മരിച്ചു. കോവിഡ് ബാധിച്ച് ആദ്യ ദിവസം ഇവർക്ക് ആഗ്രയിൽ ആശുപത്രി കിടക്ക ലഭിച്ചിരുന്നില്ല. പിന്നീട് മഥുരയിലെ സ്വകാര്യ ആശുപത്രിയായ നിയതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയുടെ അവസാന ദിവസങ്ങളിൽ അമിതിനും മാതാവിനുമായി റെംഡിസീവർ മരുന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവ ലഭിച്ചിരുന്നില്ല. തുടർന്ന് സഹോദരി അമിതിെൻറ ട്വിറ്റർ അകൗണ്ടിലൂടെ സഹായം അഭ്യർഥിച്ച് ട്വീറ്റ് ചെയ്തു. ട്വീറ്റിൽ പ്രധാനമന്ത്രി മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ടാഗ് ചെയ്തിരുന്നു. എന്നാൽ ആരുടെഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. ആർ.എസ്.എസ് പ്രവർത്തകൻ കൂടിയായിരുന്ന അമിതിനെ നരേന്ദ്രമോദി ട്വിറ്ററിൽ പിന്തുടർന്നിരുന്നു. ഇക്കാര്യം അമിത് സ്വന്തം ട്വിറ്റർ പ്രൊഫൈലിൽ അഭിമാനപൂർവ്വം പങ്കുവച്ചിരുന്നു. അമിതിനെ കുടുംബാംഗങ്ങളും നാട്ടുകാരും മോദി ഭക്തൻ എന്നാണ് വിളിച്ചിരുന്നത്. അമിതിെൻറ വാട്സ് ആപ്പ് ഡിസ്പ്ലേ ഫോട്ടോ മോദിയുടേതായിരുന്നു. സ്വന്തം കാറിന് പിന്നിൽ വർഷങ്ങളായി മോദിയുടെ വലിയ പോസ്റ്ററും അമിത് ഒട്ടിച്ചുവച്ചിട്ടുണ്ടായിരുന്നു.
'മോദിക്കും യോഗിക്കും എതിരായി ഒരുവാക്കുപോലും കേൾക്കുന്നത് അവന് ഇഷ്ടമല്ലായിരുന്നു. അവരെ പരോക്ഷമായെങ്കിലും ആരെങ്കിലും വിമർശിച്ചാൽ അവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു'-ജയ്സ്വാളിെൻറ മൂത്ത സഹോദരി സോനു അലാഗ് പറഞ്ഞു. അമിതിെൻറ മരണദിവസംതന്നെ കാറിന് പിന്നിലുള്ള മോദിയുടെ പോസ്റ്റർ സോനുവും ഭർത്താവ് രാജേന്ദ്രയും ചേർന്ന് വലിച്ചുകീറി എറിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നിസ്സംഗതയെ ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് ഇവർ പറയുന്നു.
'അമിത് മോദിക്കായി ജീവിച്ചു. മോദി അമിതിനായി എന്തുചെയ്തു. ഇങ്ങിനൊരു പ്രധാനമന്ത്രി നമ്മുക്ക് എന്തിനാണ്'-രാജേന്ദ്ര 'ദി പ്രിൻറ്'നോട് ചോദിക്കുന്നു. ബോർഡുകളും ബാനറുകളും നിർമിക്കുന്ന ബിസിനസ്സായിരുന്നു അമിതിന്. കുട്ടിക്കാലംമുതൽ ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ആഗ്രയിലും പരിസരത്തുമുള്ള ആർഎസ്‌എസ് ശാഖകൾ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിെൻറ പ്രവർത്തനം -സോനു അനുസ്മരിച്ചു.
2020 ഡിസംബറിൽ അമിത് രാമ ക്ഷേത്രം നിർമിക്കുന്ന പ്രദേശത്തേക്ക് യാത്ര ചെയ്തിരുന്നു. അന്ന് നഗരത്തിലുടനീളം എൽഇഡി പിടിപ്പിച്ച 'രാമജന്മഭൂമി'എന്ന് എഴുതിയ ബോർഡുകളും സ്ഥാപിച്ചു. സൗജന്യമായിട്ടാണ് ഇത് ചെയ്തത് -സോനു പറഞ്ഞു. 'ആർഎസ്‌എസിലെ ഏറ്റവും കഠിനാധ്വാനിയായ അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ആർഎസ്‌എസുകാരനാണെന്ന് പറയാൻ അയാൾക്ക് അതിയായ സന്തോഷമുണ്ടായിരുന്നു'-ആഗ്ര, വിജയ് നഗർ ആർഎസ്‌എസ് വിഭാഗം മേധാവി അമിത് ഗുപ്ത പറയുന്നു. പകർച്ചവ്യാധികൾക്കിടയിൽ ഇ-ശാഖ സംഘടിപ്പിച്ചതിന് കഴിഞ്ഞ ഏപ്രിലിൽ ആഗ്രയിൽ നിന്നുള്ള മറ്റ് ആർഎസ്‌എസ് സന്നദ്ധ പ്രവർത്തകർക്കൊപ്പം അമിതിനേയും ആദരിച്ചിരുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.